സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് കയറ്റു മതി ചെയ്യാനുള്ള നീക്കത്തിൽ ഇന്ത്യ . വിദേശരാജ്യങ്ങൾക്ക് വിൽക്കാൻ കഴിയുന്ന പ്രതിരോധ സാമഗ്രികളുടെ പട്ടികയിൽ ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസും സ്ഥാനം പിടിച്ചു കഴിഞ്ഞു . നിരവധി രാജ്യങ്ങൾ ബ്രഹ്മോസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഏറെ പ്രധാന്യം നൽകേണ്ട രാജ്യങ്ങളുടെ സൈനിക വക്താക്കളുമായി ചർച്ച നടത്തുകയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം .
ഇന്ത്യയും റഷ്യയും സംയുക്തമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ബ്രഹ്മോസ് മിസൈൽ ആഗോളതലത്തിൽ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു . ഈ സൂപ്പർസോണിക് മിസൈൽ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഇരു രാജ്യങ്ങളിലെയും സർക്കാരുകളും തയ്യാറാണ്.
റഷ്യൻ പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന ആർമി -2020 ഇന്റർനാഷണൽ മിലിട്ടറി ആൻഡ് ടെക്നിക്കൽ പരിപാടിയിൽ ബ്രഹ്മോസാണ് പ്രധാന താരമായതും . ഓഗസ്റ്റ് 23ന് ആരംഭിച്ച പരിപാടി 29 വരെയാണ് മോസ്കോയ്ക്ക് സമീപമുള്ള പാട്രിയറ്റ് പാർക്കിൽ നടക്കുക . ഇതിനുള്ളിൽ വച്ച് ഏറെ രാജ്യങ്ങളുടെ പ്രതിനിധികൾ ബ്രഹ്മോസിനായി ഇന്ത്യൻ പ്രതിനിധികളെ സമീപിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
റഷ്യയുടെ വ്യവസായം ടാങ്കുകളും കവചിത വാഹനങ്ങളും ഉൾപ്പെടെയുള്ള സൈനിക വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന 70 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. തെക്കേ അമേരിക്ക മുതൽ ആസിയാൻ രാജ്യങ്ങളിൽ നിന്ന് വരെയുള്ള രാജ്യങ്ങളുടെ സൈനിക ആയുധങ്ങൾ ഇവിടെ പ്രദർശിപ്പിക്കാൻ എത്തിച്ചിരുന്നു . എന്നാൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ വരെ ബ്രഹ്മോസ് വാങ്ങാനാണ് താൽപ്പര്യപ്പെടുന്നത്.
നിലവിൽ പതിനഞ്ചോളം രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചെന്നാണ് റിപ്പോർട്ട്. ഫിലിപ്പീൻസ്, ചിലെ, പെറു രാജ്യങ്ങളാണ് ഏറ്റവും അവസാനമായി ബ്രഹ്മോസ് മിസൈൽ തേടി ഇന്ത്യയിൽ എത്തിയത്.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ കര, കടൽ അധിഷ്ഠിത പതിപ്പുകൾ വിൽക്കാൻ ഇന്ത്യ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തായ്ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ചർച്ച നടത്തിവരികയായിരുന്നു. വിപുലമായ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം ഫിലിപ്പീൻസ് സൈന്യം ബ്രഹ്മോസ് വാങ്ങാൻ സജ്ജമായിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇന്ത്യ–റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈൽ വ്യോമസേന പരീക്ഷണവും പൂർത്തിയാക്കി. ഇന്ത്യയുടെ അത്യാധുനിക പോര്വിമാനം സുഖോയ്–30 എംകെഐ യിൽ നിന്നാണ് ബ്രഹ്മോസ് പരീക്ഷിച്ചത്. ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്.















