മഹേഷ് നാരായണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച തൊണ്ണൂറ് മിനിറ്റ് ദൈർഘ്യമുള്ള ഫഹദ് ഫാസിൽ ചിത്രം “സി യു സൂൺ ” ആമസോൺ പ്രൈം വീഡിയോയിൽ കൂടി നിങ്ങൾക്ക് മുന്നിൽ .
ഫഹദ് ഫാസിലിനൊപ്പം ദർശന രാജേന്ദ്രൻ , റോഷൻ മാത്യു എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നു . ആകാംക്ഷ നിറക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയ നാൾ മുതൽ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് “സി യു സൂൺ “. ആമസോൺ പ്രൈം വീഡിയോയിൽ കൂടി ചിത്രം റിലീസ് ചെയ്തിരിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് , റിലീസ് ചെയ്യുന്ന അന്ന് തന്നെ ചിത്രം കാണാനുള്ള അവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത് .
സ്നേഹം , നഷ്ടം , വീണ്ടെടുക്കൽ എന്നിവയെ കോർത്തിണക്കി കൊണ്ട് നിർമ്മിച്ചിരിക്കുന്ന ചിത്രമായ സി യു സൂണിൽ ദുബായിൽ വെച്ച് കാണാതാകുന്ന തന്റെ കസിന്റെ കാമുകിയെ അന്വേഷിക്കുന്ന ഒരു ഹാക്കറുടെ വേഷത്തിൽ ആണ് ഫഹദ് അഭിനയിച്ചിരിക്കുന്നത് . ഫഹദിനൊപ്പം റോഷൻ മാത്യുവും ദർശനയും മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്ന് ട്രെയ്ലർ കാണുമ്പോൾ തന്നെ വ്യക്തമാകുന്നു . ആകാംക്ഷയും ദുരൂഹതയും നിറഞ്ഞ നിമിഷങ്ങൾ കോർത്തിണക്കിയിരിക്കുന്ന ചിത്രം , പ്രേക്ഷകർക്ക് നല്കാൻ പോകുന്നത് ഒരു നിമിഷം പോലും കണ്ണെടുക്കാൻ ആവാതെ ചിത്രം കാണാനുള്ള പ്രേരണയായിരിക്കും .
കൊറോണ എന്ന മഹാമാരിയിൽ പെട്ട് ഏറെക്കാലമായി സിനിമ മേഖല പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് . നസ്രിയ നസീമും ഫഹദ് ഫാസിലും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം , പ്രതിസന്ധികൾക്കിടയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കർമ്മമേഖലകളിലേക്ക് തിരിച്ചു മടങ്ങാനുള്ള പ്രചോദനവും ഒപ്പം തന്നെ സിനിമ മേഖലക്ക് പുത്തൻ പ്രതീക്ഷകളുമാണ് സമ്മാനിക്കുന്നത് .
Comments