കൊച്ചി: ശങ്കരാടി നായകനായി ഒരു സിനിമ, അതും 2020ല്‍. സെപ്റ്റംബര്‍ ഒന്നിന് മമ്മൂക്ക അനൗണ്‍സ് ചെയ്ത ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കണ്ട പലരും ഞെട്ടി കാണും. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച ശങ്കരാടി ചേട്ടന് ജീവിച്ചിരുന്നപ്പോള്‍ പോലും ഒരു സോളോ പോസ്റ്ററില്‍ മുഖം വന്നിട്ടില്ല. എന്നാല്‍ കാലത്തെ അതിജീവിച്ച ശങ്കരാടി ചേട്ടന്റെ വാക്കുകള്‍ ഇന്ന് സിനിമായാകുമ്പോള് താത്വിക അവലോകനം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററില്‍ കൂടി ഒരിക്കല്‍ കൂടി അദ്ദേഹം നമുക്കു മുന്നില്‍ എത്തുകയാണ്.
മലയാളികളുടെ മഹാനടന് മമ്മൂക്ക തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തെ ഏറ്റവും മനോഹരമായി വിശകലനം ചെയ്ത സത്യന് അന്തിക്കാട് ശ്രീനിവാസന് കൂട്ടു കെട്ടില്‍ പിറന്ന സന്ദേശം സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഭാഷണം ഇന്നൊരു സിനിമ ആവുമ്പോള്‍ നമുക്കും ഏറെ പ്രതീക്ഷിക്കാം.
യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയങ്കരനായ ജോജു ജോര്‍ജ് ,നിരഞ്ജന് രാജു(മണിയന് പിള്ള) എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന് നിര്‍മ്മിക്കുന്ന ചിത്രം മാക്സ് ലാബ് വിതരണത്തിന് എത്തിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയി ബാദുഷ എത്തുന്ന ചിത്രത്തില്‍ നിര്‍മാണ നിര്‍വഹണം എസാന്‍ നിര്‍വഹിക്കുന്നു.
Comments