പെണ്‍കുട്ടികളുടെ കൈകളില്‍ മൈലാഞ്ചി ഇടുന്നതിന്റെ അഴക് ഒന്ന് വേറെ തന്നെയാണ്. മൈലാഞ്ചി ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ പൊതുവേ കുറവാണ്. വിവാഹ പരിപാടികളുടേയും മറ്റുള്ള ആഘോഷങ്ങളുെടേയും ഭാഗമായാണ് മൈലാഞ്ചി ഇടാറുള്ളത്. ഡാന്‍സ് പരിപാടികള്‍ക്കും മൈലാഞ്ചി ഇടാറുണ്ട്. കടകളില്‍ നിന്നും സുലഭമായി വാങ്ങാന്‍ കിട്ടുന്ന ഒന്നാണ് മൈലാഞ്ചി. പണ്ടു കാലങ്ങളില്‍ വീട്ടു മുറ്റത്തും തൊടിയിലും പോയി പറിച്ച് നന്നായി അരച്ചെടുത്ത ശേഷമാണ് മൈലാഞ്ചി ഇടുന്നത്. എന്നാല്‍ ഇപ്പോള്‍ ട്യൂബുകളിലായും പൊടിയായുമെല്ലാം കടകളില്‍ നിന്നും വാങ്ങിയ്ക്കാന്‍ കിട്ടുന്ന ഒന്നാണ് മൈലാഞ്ചി.
എന്നാല്‍ അതില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ അത്ര നല്ലതല്ല. അതുകൊണ്ടു തന്നെ കടകളില്‍ നിന്നും വാങ്ങി ഉപയോഗിക്കാതെ, മൈലാഞ്ചി പറിച്ച് അരച്ചെടുക്കാതെ നന്നായി ചുവക്കുന്ന മൈലാഞ്ചി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഇതിനായി മൈലാഞ്ചിയല്ല ചിരട്ടയാണ് വേണ്ടത്. ചിരട്ട മൈലാഞ്ചി ഉണ്ടാക്കുന്നതിനായി ആദ്യം ഒരു പാത്രം എടുത്ത് വെക്കുക ചിരട്ടകള്‍ നന്നായി ചെറുതായി പൊടിച്ചെടുക്കുക. അതിനു ശേഷം എടുത്ത് വെച്ച പാത്രത്തില്‍ കഷണങ്ങളിട്ട് അതിനുള്ളിലൊരു സ്റ്റീല്‍ ഗ്ലാസ് ഇറക്കി വെക്കുക. ബാക്കിയുള്ള ചിരട്ട കഷണങ്ങള്‍ അതിന്റെ രണ്ടു ഭാഗത്തുമായി ഇട്ടു കൊടുക്കുക.
ശേഷം ഒരു നല്ല അടപ്പ് കൊണ്ട് അടച്ചു വെച്ച് അതിനു മുകളില്‍ ഇത്തിരി വെള്ളവും ഒഴിച്ച് കൊടുത്ത്, അടുപ്പില്‍ വെച്ച് നന്നായി ചൂടാക്കുക. ചൂടാക്കുമ്പോള്‍ തീ കുറച്ചു വെച്ച് വേണം ചൂടാക്കാന്‍. പത്തു മിനിറ്റിനു ശേഷം മുകളില്‍ വെച്ച വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ തീ അണയ്ക്കുക. തണുത്ത ശേഷം ഈ പാത്രം തുറന്നു നോക്കുക, അപ്പോള്‍ ഉള്ളില്‍ വച്ച് ഗ്ലാസ്സില്‍ നമുക്കാവശ്യമായ മൈലാഞ്ചിയുടെ സത്ത് വന്നിട്ടുണ്ടാകും ഇതില്‍ അല്പം മൈദ ചേര്‍ത്ത് കട്ടിയാക്കിയ ശേഷം ഉപയോഗിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം അഴിച്ചു മാറ്റുക. ആദ്യം അത്ര നിറം കണ്ടില്ലെങ്കിലും പിറ്റേ ദിവസത്തേക്ക് നന്നായി ചുവന്നു വരും. ഒരു തരത്തിലുള്ള കെമിക്കലുകളും ഇല്ലാത്ത ഈ ചിരട്ട മൈലാഞ്ചി ഒന്ന് പ്രയോഗിച്ചു നോക്കൂ.
Comments