ധാക്ക: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളില്‍ ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്മാന്‍ ഉണ്ടാകില്ല. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മുസ്താഫിസുറിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നിഷേധിച്ചു. ഒക്ടോബറില്‍ ശ്രീലങ്കന്‍ പര്യടനം നടക്കുന്നതിനാലാണ് താരത്തിന് ബോര്‍ഡ് അനുമതി നല്‍കാതിരുന്നത്.
മുസ്താഫിസുറിനെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ലെങ്കിലും അടുത്തിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി നൈറ്റ് റൈഡേഴ്സ് നീക്കവും തുടങ്ങിയിരുന്നു. ഇംഗ്ലണ്ട് പേസര്‍ ഹാരി ഗുര്‍നിക്ക് പരിക്കേറ്റതിന് പിന്നാലെയാണ് കൊല്‍ക്കത്ത മുസ്താഫിസുറിനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചത്.
2018ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്ന മുസ്താഫിസുര്‍ മുൻപ് ഹൈദരാബാദിനു വേണ്ടിയും കളത്തിലിറങ്ങിയിരുന്നു. ഐപിഎല്ലില്‍ 24 മത്സരങ്ങളില്‍ കളിച്ച മുസ്താഫിസുര്‍ 24 വിക്കറ്റുകള്‍ വീഴ്‌ത്തിയിയിട്ടുണ്ട്. 2 തവണ അദ്ദേഹം മൂന്ന് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. മുംബൈക്കെതിരെ 16 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയതാണ് ഐപിഎല്ലിലെ മുസ്താഫിസുറിന്റെ മികച്ച ബൗളിംഗ് പ്രകടനം.















