പ്രകൃതിയുടെ സൗന്ദര്യത്തിൽ പൂർണ്ണമായലിഞ്ഞ് മനസിന് കുളിർമ നൽകുന്ന പ്രതീതിയാണ് തേക്കടിയിലേക്കുള്ള ഓരോ യാത്രയും. കാടിന്റെ ഭംഗി ആസ്വദിച്ച് തേക്കടി തടാകത്തിലൂടെ ബോട്ടിങ്ങിന് പോവുക എന്നത് വല്ലാത്തൊരു സുഖമാണ്. ഒരുപാട് വിനോദ സഞ്ചാരികൾ ഇഷ്ടപ്പെടുന്ന തേക്കടിയിലെ ബോട്ടിങ്ങ് സവാരി കൊറോണ വ്യാപനത്തെ തുടർന്ന് മാസങ്ങളായി നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ജില്ലയിലെ ടൂറിസത്തിന് ഉണർവേകി തേക്കടിയിൽ ബോട്ടിങ്ങ് സംവിധാനം വീണ്ടും പുനരാരംഭിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് ബോട്ടിങ്ങ് ആരംഭിച്ചിരിക്കുന്നത്.
ദിവസവും രണ്ടു ബോട്ടിങ്ങ് സർവീസുകളാണ് ഉണ്ടാവുക. രാവിലെ 9:30 നും, ഉച്ചയ്‌ക്ക് 3:30 നുമാണ് ബോട്ടിങ്ങ് സർവീസുകളുടെ സമയക്രമം. വിനോദ സഞ്ചാരികളുടെ എണ്ണവും അൻപത് ശതമാനമായി കുറച്ചിട്ടുണ്ട്. അതുപോലെ ബോട്ട് ചാർജ് 250 ൽ നിന്ന് 385 ആയി ഉയർത്തി. ഒപ്പം എൻട്രൻസ് പാസും ബസ് ചാർജും വർധിപ്പിച്ചു. വിനോദ സഞ്ചാരികളുടെ എണ്ണവും ക്രമേണ കൂടുന്നതനുസരിച്ച് തേക്കടിയിലെ റിസോർട്ടുകളും ഹോം സ്റ്റേയും ആകർഷകമായ രീതിയിൽ ഒരുക്കുകയാണ്. കൊറോണയ്‌ക്ക് ശേഷം പുനരാരംഭിച്ച ബോട്ടിങ്ങ് സർവീസുകളിൽ ആദ്യ ദിവസം എത്തി ചേർന്നത് 24 പേരാണ്. രാവിലെ 8 പേരും വൈകീട്ട് 16 പേരുമായാണ് ബോട്ടിങ്ങ് ആദ്യ ദിവസം നടത്തിയത്.
പ്രകൃതിയുടെ മനോഹാരിതയാണ് വിനോദ സഞ്ചാരികളെ തേക്കടിയിലേക്ക് ആകർഷിക്കുന്നത്. കാട് കണ്ട് കണ്ട് തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിങ്ങാണ് സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ടത്. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുന്നതോടൊപ്പം തന്നെ കാട്ടുപോത്ത് , ആനക്കൂട്ടങ്ങൾ, കടുവകൾ തുടങ്ങിയ വന്യമൃഗങ്ങളെ ബോട്ടിങ്ങിനിടയിൽ കാണാം. വിവിധയിനം ദേശാടന പക്ഷികളും തേക്കടിയിൽ സമ്പന്നമാണ്. അങ്ങനെ എന്തുകൊണ്ടും കൊറോണ കാലത്തെ ഈ മുഷിപ്പ് മാറ്റിയെടുക്കാൻ തേക്കടിയിലേക്കുള്ള ഒരു വിനോദ യാത്ര വളരെ സുഖമുള്ളതായിരിക്കും.















