പാരീസ്: യൂറോപ്പാ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനും ബെല്‍ജിയത്തിനും തകര്‍പ്പന്‍ ജയം. നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്നേറി. ഫ്രാന്‍സ് 4-2ന് ക്രൊയേഷ്യയേയും ബെല്‍ജിയം 5-1ന് ഐസ് ലന്റിനേയുമാണ് തകര്‍ത്തുവിട്ടത്. പോര്‍ച്ചുഗല്‍ ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളില്‍ കരുത്തരായ സ്വീഡനെ തോല്‍പ്പിച്ചു.
ഗ്രീസ്മാന്‍ കളം നിറഞ്ഞ മത്സരത്തില്‍ ഫ്രാന്‍സ് ക്രൊയേഷ്യയുടെ ആക്രമണത്തെ പരിചയ സമ്പന്നത കൊണ്ടാണ് നേരിട്ടത്. കളിയുടെ 16-ാം മിനിറ്റില്‍ ഡീജാന്‍ ലോവറേനിലൂടെ ക്രൊയേഷ്യയാണ് മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ 2-1ന് ഫ്രാന്‍സ് ലീഡ് പിടിച്ചു. 43-ാം മിനിറ്റില്‍ ഗ്രീന്‍സ്മാന്‍ സമനില ഗോള്‍ നേടിയപ്പോല്‍ ക്രൊയേഷ്യയുടെ ഡോമിനിക് ലിവാകോവിച്ചിന്റെ സെല്‍ഫ്‌ഗോള്‍ ഫ്രാന്‍സിന് 2-1ന്റെ ലീഡ് സമ്മാനിച്ചു. 55-ാം മിനിറ്റില്‍ ജോസിപ് ബ്രീകാലോ ഫ്രാന്‍സിനെ ഞെട്ടിച്ചുകൊണ്ട് 2-2ന്റെ സമനില പിടിച്ചു. എന്നാല്‍ 65-ാം മിനിറ്റില്‍ ഡയോട്ട് ഉപാമെക്കാനോയും 77-ാം മിനിറ്റിലെ പെനാല്‍റ്റി മുതലാക്കി ഒലിവര്‍ ജിറൗഡും ഫ്രാന്‍സിന് 4-2ന്റെ മികച്ച ജയം നല്‍കി.
സ്വീഡനെതിരെ പോര്‍ച്ചുഗലിന്റേത് ശക്തമായ ആക്രമണമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളംനിറഞ്ഞതോടെ സ്വീഡന്‍ പ്രതിരോധ നിര നിഷ്പ്രഭമായി. 45, 72 മിനിറ്റുകളിലാണ് റൊണാള്‍ഡോയുടെ ഇരട്ട ഗോളുകള്‍ പിറന്നത്. ആദ്യ ഗോളോടെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ സ്വന്തം രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന രണ്ടാം താരമായി റൊണാള്‍ഡോ മാറി. ബെല്‍ജിയം 5-1ന്റെ ശക്തമായ ജയമാണ് ഐസ്‌ലന്റിനെതിരെ നേടിയത്. 10-ാം മിനിറ്റില്‍ ഹോംബര്‍ട്ടിലൂടെ ഐസ്‌ലന്റ് മുന്നിലെത്തിയെങ്കിലും പിന്നീട് യുറോപ്യന്‍ ഫുട്‌ബോളിന്റെ വശ്യത മുഴവന്‍ കാലിലേറ്റിയ ബെല്‍ജിയന്‍ നിര ഇരുപകുതികളിലുമായി അഞ്ചു ഗോളുകളാണ് എതിരാളികളുടെ വലയില്‍ കയറ്റിയത്. ആക്‌സല്‍ വിറ്റ്‌സലാണ് 13-ാം മിനിറ്റില്‍ സമനില പിടിച്ചത്. തുടര്‍ന്ന് മിക്കി ബാറ്റ്ഷുവായിയുടെ വക ഇരട്ട ഗോളുകളും പിറന്നു. 17, 69 മിനിറ്റുകളിലാണ് ഗോളടിച്ചത്. ഇതിനിടെ 50-ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടന്‍സും 79-ാം മിനിറ്റില്‍ ജെര്‍മീ ഡോക്കുവും ബെല്‍ജിയത്തിനായി ഗോളുകള്‍ നേടി.















