കൊച്ചി: നിരാലംബരായവർക്ക് വീടു നിർമിച്ചു നൽകാനുള്ള സ്നേഹക്കൂട് ഭവന പദ്ധതിയുമായി നടൻ ജയസൂര്യ.പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യവീട് നിർമ്മാണം പൂർത്തിയാക്കി താക്കോൽദാനവും നിർവ്വഹിച്ചു. ഒരുമാസം കൊണ്ടാണ് വീടിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്നത് പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. ഓരോ വർഷവും അഞ്ചു വീടുകൾ നിർമിച്ചു നൽകാനാണ് ജയസൂര്യയുടെ സ്നേഹവീട് പദ്ധതി ലക്ഷ്യമിടുന്നത്. കനം കുറഞ്ഞ കോൺക്രീറ്റ് പാനൽ കൊണ്ടാണ് വീടുകളുടെ നിർമാണം. പ്രളയകാലത്ത് വീടു തകർന്നവർക്ക് കുറഞ്ഞ ചിലവിൽ വീടു നിർമിച്ചു നൽകുന്ന പ്രവർത്തനങ്ങളുമായി സജീവമായിരുന്ന ന്യൂറ പാനൽ കമ്പനി ഡയറക്ടർ സുബിൻ തോമസും ജയസൂര്യയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പതിനെട്ടു ദിവസം കൊണ്ട് വീടു നിർമ്മാണം പൂർത്തിയാക്കുമെന്ന സുബിന്റെ പദ്ധതിയാണ് ജയസൂര്യയെ ആകർഷിച്ചത്. ഇതേ തുടർന്ന്
രാമമംഗലത്തുള്ള ഒരു കുടുംബത്തിന് വീടു നിർമിച്ചു നൽകാനായി ജയസൂര്യ സുബിനെ വിളിക്കുകയായിരുന്നു.ഭർത്താവു മരിച്ചു പോയ സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് ആ കുടുംബത്തിലെ അംഗങ്ങൾ.. ചോയ്സ് ഗ്രൂപ്പിന്റെ എം.ഡി ജോസ് തോമസ് കുടുംബത്തിന് ഭൂമി കൈമാറിയിരുന്നു.ആ ഭൂമിയിൽ വീടുവെച്ചുനൽകാമെന്ന് ജയസൂര്യയും ഏറ്റെടുത്തു. പറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ വീടുനിർമ്മാണം പൂർത്തിയാക്കി താക്കോൽദാനവും നടന്നു. താക്കോൽദാന ചടങ്ങിൽ ജയസൂര്യയ്‌ക്ക് പകരം ചലച്ചിത്രതാരം റോണിയാണ് പങ്കെടുത്തത്.
സ്നേഹവീട് പദ്ധതിയുടെ ഭാഗമായി വർഷത്തിൽ അഞ്ചു വീടുകൾ വരെ വച്ചു കൊടുക്കാനാണ് താരത്തിന്റെ തീരുമാനം. സ്വന്തമായി ഭൂമിയുള്ളവർക്കാണ് വീട് നിർമിച്ചു നൽകുന്നത്. കൂടാതെ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുമായിരിക്കണം. 500 ചതുരശ്ര അടിയുള്ള വീടിന് ആറുലക്ഷം രൂപയാണ് ചിലവ്. രണ്ടു ബെഡ്റൂമും അടുക്കളയും ഹാളും ബാത്ത്റൂമും ഉള്ള വീടാണ് നിർമിച്ചു നൽകുന്നത്. ഈ പദ്ധതിയിലെ രണ്ടാമത്തെ വീടിന്റെ നിർമാണവും ഉടൻ ആരംഭിക്കുമെന്നും കൊറോണ കാരണം ജോലി നഷ്ടപ്പെട്ട ഒരു വ്യക്തിക്കാണ് ആ വീട് നിർമിച്ചു നൽകുന്നതെന്നും സുബിൻ കൂട്ടിച്ചേർത്തു.















