ഗുജറാത്തിലെ ഭാവ് നഗർ ജില്ലയിലെ പാലിത്താന നഗരത്തിലേക്ക് , ജൈനമതവിശ്വാസികളുടെ കേന്ദ്രമായ പാലിത്താനയുടെ വിശേഷങ്ങളിലേക്ക് ഒരു യാത്ര പോകാം.
ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരമെന്ന വിശേഷണം മാത്രമല്ല, മൂവായിരത്തിലധികം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന നഗരം കൂടിയാണ് പാലിത്താന. ഇതിൽ ആയിരത്തോളം ക്ഷേത്രങ്ങൾ ജൈനമത ക്ഷേത്രങ്ങൾ തന്നെയാണ്. അതിനാൽ തന്നെ ക്ഷേത്രങ്ങളുടെ നാട് എന്ന വിശേഷണവും പാലിത്താന സ്വന്തമാക്കി. ഈ ക്ഷേത്രങ്ങൾ എല്ലാം തന്നെ 11-)o നൂറ്റാണ്ടിനും 20-)o നൂറ്റാണ്ടിനും ഇടയിൽ നിർമ്മിച്ചതാണെന്നും പറയപ്പെടുന്നു.
അങ്ങനെയെങ്കിൽ പണ്ടുമുതൽക്കെ ഇവിടം വെജിറ്റേറിയൻ ആണെന്ന് കരുതുന്നുണ്ടോ? എല്ലാ നഗരങ്ങളെയും പോലെ തന്നെ ഇവിടെയും നിരവധി കശാപ്പുശാലകൾ ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരു നഗരം ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരമായി മാറാൻ കാരണം ജൈന സന്യാസികളുടെ സമരം തന്നെയായിരുന്നു. ജൈനമതവിശ്വാസികളുടെ ആചാരനുഷ്ഠാനങ്ങൾക്ക് എതിരാണെന്ന കാരണത്താൽ ജൈനമതവിശ്വാസികൾ കശാപ്പുശാലകൾക്ക് എതിരെ സമരം ചെയ്യാൻ ആരംഭിച്ചു. അങ്ങനെ 2014ൽ ഗുജറാത്ത് സർക്കാർ ഈ നഗരത്തെ വെജിറ്റേറിയൻ നഗരമായി പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനത്തിന് ശേഷം മീൻ, മുട്ട, ഇറച്ചി എന്നിവ വിൽക്കുന്നതും ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതും നിയമപരമായി വിലക്കി.
പാലിത്താനയെ പറയുമ്പോൾ പ്രശസ്തമായ ശത്രുഞ്ജയ കുന്ന് പറയാതിരിക്കാൻ ആവില്ലല്ലോ. 3750 പടികൾ കയറി വേണം കുന്നിൻ മുകളിൽ എത്താൻ. കുന്നിന്മുകളിൽ നിരവധി ക്ഷേത്രങ്ങളെ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇതിലെ പ്രധാന ക്ഷേത്രമാണ് ആദിശ്വര ക്ഷേത്രം. കൂടാതെ ഈ കുന്നിനെ പ്രശസ്തമാക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. അതായത് ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരനായ ഋഷഭയുടെ ആദ്യ ധർമ്മ പ്രഭാഷണം നടന്നത് ഇവിടെ വെച്ചാണ്.
മലകയറുന്ന വേളയിൽ ഭക്ഷണമോ വെള്ളമോ കയ്യിൽ കരുതാൻ പാടില്ല. കൂടാതെ രാത്രി സമയങ്ങളിൽ മല കയറാൻ പാടില്ല എന്നും പറയുന്നു.
നിരവധി തീർഥാടകർ ആണ് ഇവിടം സന്ദർശിക്കുവാൻ ആയി എത്തുന്നത്. ഭാവ് നഗറിൽ നിന്നും ഏകദേശം 50 കിലോമീറ്റർ ദൂരം മാത്രമാണ് ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരമായ പാലിത്താനയിലെത്താൻ സഞ്ചരിക്കേണ്ടി വരുന്നത്.
Comments