ബാഴ്‌സലോണ: പുതിയ പരിശീലകന്‍ റിച്ചാര്‍ഡ് കൂമാന് കീഴില്‍ ബാഴ്‌സലോണയ്‌ക്ക് വിജയത്തുടക്കം. പുതിയ സീസണ് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ നാസ്റ്റിക് ടെറഗോണയെയാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം.
രണ്ട് പകുതികളിലും രണ്ട് ടീമുകളെയാണ് ബാഴ്‌സ കളത്തിലിറക്കിയത്. ആദ്യ പകുതിയില്‍ മെസിയും ഗ്രീസ്മാനും ഡെംബലെയും പീകെയും ഇറങ്ങിയപ്പോള്‍ രണ്ടാം പകുതിയില്‍ കുട്ടീഞ്ഞോ, ഫിര്‍പോ, ഡിയോങ് എന്നിങ്ങനെ കൂടുതല്‍ യുവാക്കള്‍ക്ക് കൂമാന്‍ അവസരം നല്‍കി. ആദ്യ പകുതിയിലാണ് ബാഴ്‌സയുടെ രണ്ട് ഗോളുകള്‍ പിറന്നത്. മത്സരത്തിന്റെ അഞ്ചാം മിനിട്ടില്‍ ഉസ്മാന്‍ ഡെംബലെയും 17-ാം മിനിട്ടില്‍ ഗ്രീസ്മാനും ലക്ഷ്യം കണ്ടു. 30-ാം മിനിട്ടില്‍ ജാവി ബൊണില നാസ്റ്റിക്കിന്റെ ഏക ഗോള്‍ സ്വന്തമാക്കി. രണ്ടാം പകുതിയില്‍ കുട്ടീഞ്ഞോ ബാഴ്‌സയുടെ ലീഡ് വീണ്ടും ഉയര്‍ത്തി.
മത്സരത്തിലുട നീളം ഒരു പുതിയ ബാഴ്‌സലോണയെയാണ് കാണാനായത്. പ്രസ്സിംഗിനും ആക്രമണത്തിനും ഊന്നല്‍ നല്‍കിയും പാസുകളുടെ വേഗം കൂട്ടിയും കളി നിയന്ത്രിച്ച ബാഴ്‌സ പന്ത് കൈവശം വെക്കുന്നതിലും മികച്ചുനിന്നു. ഒരു ഘട്ടത്തില്‍ ബാഴ്‌സ വിടാന്‍ തയ്യാറായ മെസിയും മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.















