നമ്മുടെ രാഷ്‌ട്രം ഇതുവരെ നിരവധി ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭീകരവാദം സ്വത്തിനും ജീവനും മാത്രമല്ല ഭീഷണി ഉയർത്തുന്നത് , അത് ജനങ്ങളിൽ ആശങ്കയും ഭയവും വളർത്തുകയും ചെയ്യുന്നു . തീവ്രവാദത്തെ മറ്റ് ആക്രമണങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുക എന്നതും വളരെ പ്രയാസമുള്ള കാര്യം കൂടിയാണ് .
നിരവധി ആക്രമണങ്ങളിൽ ഭാരതത്തെ പിടിച്ചു കുലുക്കിയ ചില പ്രധാനഭീകരാക്രമണങ്ങൾ ഇവയൊക്കെയാണ്
1 . 1993 ൽ മുംബൈയിൽ നടന്ന സ്ഫോടനം
1993 മാർച്ച് 12 ന് മുംബൈയിൽ നടന്ന സ്ഫോടന പരമ്പരയിൽ ,257 ഓളം പേർ മരിക്കുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും 27 കോടി രൂപയിൽ കൂടുതൽ വിലമതിക്കുന്ന വസ്തുവകകൾ നശിക്കുകയും ചെയ്തു . ഈ സ്ഫോടന പരമ്പരയിൽ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നായ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് വരെ നിലം പൊത്തുകയുണ്ടായി .
2 . 2001 ൽ പാർലമെന്റ് ആക്രമണം
ഡിസംബർ 13 ന് ലഷ്കർ-ഇ-ത്വയ്ബ , ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ഭീകരർ പാർലമെന്റ് സമുച്ചയത്തെ ആക്രമിക്കുകയും വെടിവയ്‌ക്കുകയും ചെയ്തു, അതിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ആക്രമണ സ്ഥലത്ത് നിന്ന് മൂന്ന് എകെ 47 റൈഫിളുകൾ, മാഗസിനുകൾ, യുബിജിഎൽ ഗ്രനേഡുകൾ എന്നിവയ്‌ക്കൊപ്പം ഒരു കുറിപ്പും കണ്ടെടുക്കുകയുണ്ടായി . 5 ഡൽഹി പോലീസ് ഉദ്യോഗസ്ഥർ, ഒരു വനിതാ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ട്രൂപ്പർ, 2 പാർലമെന്റ് വാച്ച്& വാർഡ് സ്റ്റാഫ്, ഒരു തോട്ടക്കാരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരു മാദ്ധ്യമപ്രവർത്തകൻ പിന്നീട് മരിക്കുകയുണ്ടായി . ആക്രമണത്തിന് കാരണക്കാരായ അഞ്ച് തീവ്രവാദികളെയും വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു .
3 . 2005 ൽ ഡൽഹി ബോംബ് സ്ഫോടനം
2005 ഒക്ടോബർ 29 ന് ദേശീയ തലസ്ഥാനമായ ഡൽഹിയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 66 ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരക്കേറിയ മാർക്കറ്റുകളും ചില നഗര പ്രദേശങ്ങളും ലക്ഷ്യമിട്ടു നടത്തിയ സ്ഫോടന പരമ്പര അരങ്ങേറിയത് പഹർഗഞ്ചിലെ സരോജിനി നഗർ, ഗോവിന്ദ്‌പുരിയിലെ ഡൽഹിയിൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ഡിടിസി) ബസ് എന്നിവിടങ്ങളിലാണ് .2005 ലെ സ്‌ഫോടനങ്ങൾ ലഷ്കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ടിരിക്കുന്നു. 2005 ൽ ഡൽഹിയിൽ ഉണ്ടായ സ്ഫോടന പരമ്പരകളാണ് 1993 ൽ മുംബൈയിൽ നടന്ന സ്ഫോടനത്തിനുശേഷം കശ്മീരിന് പുറത്ത് ഭാരതം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം.
4 . 2006 ൽ മുംബൈ ട്രെയിനിൽ നടന്ന സ്ഫോടനം
2006 ജൂലൈ 11 ന്, 11 മിനിറ്റിനുള്ളിൽ ഏഴ് സ്‌ഫോടന പരമ്പരകൾ നടന്നു. മഹാരാഷ്‌ട്രയുടെ തലസ്ഥാന നഗരമായ മുംബൈയിലെ സബർബൻ റെയിൽവേയിൽ നടന്ന സ്‌ഫോടനത്തിൽ 209 ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറ്റവാളികൾ ലഷ്കർ ഇ ത്വയ്ബയു , സിമിയുമായിരുന്നു .
5 . 2008 ൽ ജയ്പൂർ സ്ഫോടനം
2008 മെയ് 13 ന് പിങ്ക് നഗരമായ ജയ്പൂരിൽ നടന്ന ഭീകരാക്രമണം ഭാരതത്തിന് നൽകിയത് മറ്റൊരു ഞെട്ടൽ ആയിരുന്നു . 15 മിനിറ്റിനുള്ളിൽ നടന്ന ഒമ്പത് ബോംബ് സ്ഫോടന പരമ്പരയിൽ 80 ഓളം പേർ കൊല്ലപ്പെടുകയും 170 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
6 . 26/11 2008 ൽ മുംബൈ ആക്രമണം
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങളിൽ ഒന്നാണിത്. 2008 നവംബർ 26 ന് പാകിസ്താനിൽ നിന്നുള്ള 10 തീവ്രവാദികൾ മുംബൈയിൽ നടത്തിയ ആക്രമണത്തിൽ 166 ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിൽ അഞ്ച് പ്രധാന സ്ഥലങ്ങളിൽ നടന്ന ഏകോപനപരമായ വെടിവയ്പ്പും സ്ഫോടനങ്ങളും നിറഞ്ഞ ആക്രമണ പരമ്പര ആയിരുന്നു അത് .
7 . 2016 ൽ ഉറി ആക്രമണം
2016 സെപ്റ്റംബർ 18 ന്, 17 ജവാൻമാർ കൊല്ലപ്പെടുകയും 20 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്ത സൈന്യത്തിനെതിരായ നടന്ന ഏറ്റവും ഭീകരമായ ആക്രമണമായിരുന്നു ഇത് . പാകിസ്താൻ ആസ്ഥാനമായുള്ള ജയ്ഷെ മുഹമ്മദ് ഭീകരർ ഉറിയിലെ സൈനിക താവളത്തിൽ അതിക്രമിച്ച് കയറുകയായിരുന്നു . കശ്മീരിലെ നിയന്ത്രണ രേഖയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയും ശ്രീനഗറിൽ നിന്ന് 70 കിലോമീറ്റർ അകലെയുമാണ് സൈനിക താവളം സ്ഥിതിചെയ്യുന്നത്. ഈ ആക്രമണം ഡോഗ്ര റെജിമെന്റിൽ കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായി. . മൂന്നുമണിക്കൂറോളം നീണ്ട വെടിവയ്പിന് ശേഷം നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. രണ്ട് പതിറ്റാണ്ടിനിടെ കശ്മീരിലെ സുരക്ഷാ സേനയ്‌ക്കെതിരായി നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണം കൂടിയായിരിന്നു ഇത് .
8 . 2019 ലെ പുൽവാമ ആക്രമണം
2019 ഫെബ്രുവരി 14 ന് പുൽവാമയിൽ നടന്ന ഭീകരാക്രമണം നമ്മുടെ സുരക്ഷാസേനക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായിരുന്നു .ആക്രമണത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സിആർപിഎഫ് ജവാൻമാരെ കൊണ്ട് പോയിരുന്ന ബസ്സിലേക്ക് , ഒരു ജയ്ഷ് ഇ മുഹമ്മദ് (ജെഎം) തീവ്രവാദി സ്‌ഫോടക വസ്തുക്കൾ നിറഞ്ഞ വാഹനം കൊണ്ട് വന്ന് ഇടിപ്പിക്കുകയായിരുന്നു . ഭീകരാക്രമണം നടന്ന സ്ഥലത്തിനടുത്തുള്ള സിആർപിഎഫിന്റെ ലെത്‌പോറ ക്യാമ്പിൽ, ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും ,ജീവത്യാഗം നടത്തിയ സൈനികരുടെ ഓർമ്മകൾ അനുസ്മരിക്കുന്നതിനുമായി സ്മാരകം സ്ഥാപിച്ചിട്ടുണ്ട്.
Comments