ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപികയായി ആഘോഷിക്കപ്പെടുന്ന ഫാത്തിമ ഷെയ്ഖ് ഒരു “നിർമ്മിത കഥാപാത്രം” ആണെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ദിലീപ് മണ്ഡൽ. ഫാത്തിമ ഷെയ്ഖ് എന്നൊരു വനിത ജീവിച്ചിരുന്നില്ലെന്നും ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്നും മണ്ഡൽ പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്കൂൾ അധ്യാപികയെന്ന ലേബലിൽ “വ്യാജ ചരിത്രപുരുഷനെ” സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം എക്സിലൂടെ കുറ്റസമ്മതം നടത്തി.
2019 ലാണ് ഇന്ത്യയിലെ ആദ്യ മുസ്ലീം സ്‌കൂൾ അധ്യാപിക എന്ന പേരിൽ ഫാത്തിമ ഷെയ്ഖിനെ കുറിച്ചുള്ള ലേഖനം മണ്ഡൽ പ്രസിദ്ധീകരിച്ചത്. ജ്യോതിബ ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും സമകാലിക എന്ന പേരിലാണ് ഫാത്തിമ ഷെയ്ഖിനെ അവതരിപ്പിച്ചത്.
ഇന്ത്യൻ ചരിത്രം സാവിത്രിഭായി ഫൂലെയെ വാഴ്‌ത്തുമ്പോൾ എന്തുകൊണ്ട് ഫാത്തിമ ഷെയ്ഖിനെ മറന്നുവെന്ന തരത്തിലായിരുന്നു ലേഖനം. മുസ്ലീം സ്ത്രീയായത് കൊണ്ടാണോ ആഘോഷിക്കപ്പെടാത്തതെന്നും മണ്ഡൽ ചോദിക്കുന്നുണ്ട്. “ദി പ്രിൻ്റ്” ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രസിദ്ധീകരിച്ചത്. മണ്ഡലിന്റെ ലേഖനത്തെ ചുവടുപിടിച്ച് ഫാത്തിമ ഷെയ്ഖിനെ കുറിച്ച് നിരവധി കഥകൾ പ്രചരിക്കുകയും ചെയ്തു. എന്നാൽ മണ്ഡലിന്റെ കുറ്റസമ്മതത്തിന് തൊട്ടുപിന്നാലെ, വാർത്താ പ്ലാറ്റ്‌ഫോമായ “ദി പ്രിൻ്റ്”. വെബ്സൈറ്റിൽ നിന്ന് തന്റെ ലേഖനം പിൻവലിച്ചിട്ടുണ്ട്.
ദേശീയ മാദ്ധ്യമങ്ങളിൽ ലേഖനം ചർച്ചയായതോടെ മലയാളം മാദ്ധ്യമങ്ങളിലും ഫാത്തിമ ഷെയ്ഖ് ഇടം പിടിച്ചു. ” ഫാത്തിമ ഷെയ്ഖ് : ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം അധ്യാപിക, സാവിത്രി ഫുലേയോളം തന്നെ ചരിത്രത്തിൽ ഇടംപിടിക്കേണ്ട സാമൂഹ്യപരിഷ്കർത്താവ്” എന്ന തലക്കെട്ടിൽ 2020 ജനുവരി 4 ന് പ്രമുഖ മലയാളം ചാനലിന്റെ ഓൺലൈനിൽ ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫാത്തിയുടെ ജന്മദിനം എന്നറിയപ്പെടുന്ന ജനുവരി 9 നാണ് ‘കുമ്പസാരം’ എന്ന തലക്കെട്ടിൽ മണ്ഡലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്, “ഞാൻ ഒരു കെട്ടിച്ചമച്ച കഥാപാത്ര സൃഷ്ടിക്ക് ഫാത്തിമ ഷെയ്ഖ് എന്ന് പേരിട്ടു. എന്നോട് ക്ഷമിക്കൂ. ‘ഫാത്തിമ ഷെയ്ഖ്’ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം; അവൾ ഒരു ചരിത്ര വ്യക്തിയില്ല. ഒരു പ്രത്യേക ഘട്ടത്തിൽ ഞാൻ അത്തരം ഒരാളെ സൃഷ്ടിച്ചതാണ്. അറിഞ്ഞുകൊണ്ടാണ് ഞാനിത് ചെയ്തത്.
ഞാൻ എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിക്കരുത്. അത് സമയത്തിന്റെയും സാഹചര്യത്തിന്റെയും ആവശ്യമായിരുന്നു. ചിത്രം പോലും ഞാൻ രൂപകല്പന ചെയ്തതാണ്. എന്റെ ലേഖനങ്ങളിലൂടെ അങ്ങനെ ഫാത്തിമ പ്രശസ്തയായി. രാഷ്‌ട്രീയവും പ്രത്യയശാസ്ത്രപരവുമായ ആവശ്യങ്ങൾക്കായി പലരും എന്റെ നിർമ്മിതിയെ ഉപയോഗിച്ചു.
ജ്യോതിബ ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും പൂർണ്ണമായ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരോടൊപ്പം പഠിപ്പിച്ച ഒരാളായി ഫാത്തിമ ഷെയ്ഖിന്റെ പേര് എവിടെയും പരാമർശിച്ചിട്ടില്ല. ബാബാസാഹേബ് അംബേദ്കർ പോലും അത്തരമൊരു പേര് പരാമർശിച്ചിട്ടില്ല. മഹാത്മാ ഫൂലെയുടെയോ സാവിത്രിഭായ് ഫൂലെയുടെയോ ജീവചരിത്രകാരന്മാരാരും ഫാത്തിമ ഷെയ്ഖിനെ പരാമർശിച്ചിട്ടില്ല. 15 വർഷം മുമ്പ് വരെ ഒരു മുസ്ലീം പണ്ഡിതനും ഈ പേര് പരാമർശിച്ചിട്ടില്ല. ഫൂലെ ദമ്പതികളുടെ വിദ്യാഭ്യാസ ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ബ്രിട്ടീഷ് രേഖകളിലും ഫാത്തിമ ഷെയ്ഖിനെ കുറിച്ചും പരാമർശമില്ല. ഫാത്തിമയെ എവിടെയും കാണാനാകില്ല.
Confession:
I had created a myth or a fabricated character and named her Fatima Sheikh.
Please forgive me. The truth is that “Fatima Sheikh” never existed; she is not a historical figure. Not a real person.
It is my mistake that, during a particular phase, I created this name… pic.twitter.com/8pHjiQXTfG
— Dilip Mandal (@Profdilipmandal) January 9, 2025
ദയവായി എന്റെ പഴയ ട്വീറ്റുകളോ ഫേസ്ബുക്ക് പോസ്റ്റുകളോ ലേഖനങ്ങളോ പഠനത്തിനോ ഗവേഷണത്തിനോ ഉപയോഗിക്കരുത്. കാരണം ഞാൻ കൂടുതൽ പറഞ്ഞത് ഫാത്തിമ ഷെയ്ഖ് എന്ന വ്യാജ പേരാണ്”, ദിലീപ് മണ്ഡൽ പറഞ്ഞു.