പ്രൗഢഗംഭീരമായ വരിക്കാശ്ശേരി മന

Published by
Janam Web Desk

ഏതൊരു സിനിമാപ്രേമിയും മറക്കാതെ ഓർക്കുന്ന ഒരിടമാണ് വരിക്കാശ്ശേരി മന. മംഗലശ്ശേരി നീലകണ്ഠൻ, കണിമംഗലം ജഗന്നാഥ തമ്പുരാൻ തുടങ്ങീ ഒട്ടനവധി കഥാപാത്രങ്ങളുടെ സ്വന്തം തറവാടായ വരിക്കാശ്ശേരി മനയുടെ വിശേഷങ്ങൾ നോക്കാം.

കേരള സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന പാലക്കാടിന്റെ ഹൃദയഭാഗമായ ഒറ്റപ്പാലം ടൗണിൽ നിന്നും ഏകദേശം 5 കിലോമീറ്റർ ദൂരമാണ് വരിക്കാശ്ശേരി മനയിലേക്ക് ഉള്ളത്. ഭൂതകാലങ്ങളിലെ നാലുകെട്ടുകളെയും എട്ടുകെട്ടുകളെയും കേട്ടുപരിചയം മാത്രമുള്ള ചിലർക്ക് നാലുകെട്ടുകളെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ഈ മന.

പൂർണ്ണമായും ചെങ്കല്ല് കൊണ്ടാണ് ഈ മന നിർമ്മിച്ചിരിക്കുന്നത്. സാമൂതിരിയോട് കൂറുപുലർത്തിയിരുന്ന ബ്രാഹ്മണ കുടുംബം ആണ് ഇവിടെ താമസിച്ചിരുന്നത്. ഏകദേശം 120 വർഷങ്ങളുടെ പഴക്കമുണ്ട് ഈ മനയ്‌ക്ക്.

തീർത്ഥം എന്ന സിനിമയാണ് ആദ്യമായി ഇവിടെ ചിത്രീകരിച്ചത്. 1993ൽ ഐ വി ശശിയുടെ ചിത്രമായ ‘ദേവാസുരം’ എന്നതിലൂടെയാണ് വരിക്കാശ്ശേരി മന സിനിമാപ്രേമികളുടെ മനസിൽ ഇടം പിടിച്ചത്.

കുറച്ച് പുറകോട്ട് പോകാം. പെരുന്തച്ചൻ ശിലാസ്ഥാപനം നടത്തിയെന്ന് പറയുന്ന ഈ മനയുടെ യഥാർത്ഥ പേര് വടക്കുവഞ്ചേരി എന്നാണ്. വരിക്കുവഞ്ചേരി എന്ന പേര് ലോപിച്ചാണ് വരിക്കാശ്ശേരി എന്ന പേര് ഉണ്ടാകുന്നത്. ഇന്ന് കാണുന്ന നാലുകെട്ട് മന വരിക്കാശ്ശേരി രവി നമ്പൂതിരിപ്പാടാണ് നിർമ്മിച്ചത്. മനയുടെ നിർമ്മാണത്തിന് 30 വർഷങ്ങൾക്ക് ശേഷം കൃഷ്ണൻ നമ്പൂതിരി (ശില്പി തമ്പുരാൻ) എന്നറിയപ്പെടുന്ന വ്യക്തിയാണ് പിന്നീട് ഈ മനയിൽ മാറ്റങ്ങൾ വരുത്തുന്നത്.

മൂന്ന് നിലകളിലായി കാണപ്പെടുന്ന മന 4.85 ഏക്കർ പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്.

മനയിലെ വിശാലമായ പൂമുഖവും വണ്ണം കുറഞ്ഞ തൂണുകളും നാലുകെട്ടിന്റെ നടുമുറ്റവും തെക്കിനിയും വടക്കിനിയും കിഴക്കിനിയും പടിഞ്ഞാറ്റിനിയും എല്ലാം കഴിഞ്ഞുപോയ കാലത്തിന്റെ പ്രൗഢി വിളിച്ചോതുന്നവയാണ്. മനയോട് ചേർന്ന് പത്തായപ്പുരയും നിങ്ങൾക്ക് കാണാൻ സാധിക്കും. പത്തായപ്പുരയുടെ പടിഞ്ഞാറൻ മൂലയിലായി സ്പൈറൽ മാതൃകയിൽ ഒരു കോവണിപടിയും കാണാം.

സിനിമകളിലൂടെ എല്ലാവർക്കും സുപരിചിതമായ മനയുടെ കുളത്തിന്റെ വിസ്തൃതി 85 സെന്റ് ആണ്.

വരിക്കാശ്ശേരി മനയുടെ ഓരോ സ്ഥലവും ഓരോ സിനിമാ സന്ദർഭങ്ങളെ ഓർമ്മിപ്പിക്കുമെന്ന് തീർച്ച. ദേവാസുരം, ആറാം തമ്പുരാൻ, മാടമ്പി, തൂവൽ കൊട്ടാരം, രാപ്പകൽ, ദ്രോണ, സൂഫി പറഞ്ഞ കഥ, പ്രേതം തുടങ്ങീ ഒട്ടനവധി സിനിമകൾക്ക് വേദിയായ വരിക്കാശ്ശേരി മന സന്ദർശിക്കാൻ ദിവസവും നിരവധിയാളുകൾ ആണ് ഇവിടെ എത്തിച്ചേരുന്നത്.

Share
Leave a Comment