ആരാധകർ ബോളിവുഡിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രാമായണം. നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും പ്രേക്ഷകരുടെയിടയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. രാമായണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിലെ പ്രിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. രാമനായി രൺബീർ കപൂറും, സീതയായി സായ്പല്ലവിയും, രാവണനായി യാഷും എത്തുമ്പോൾ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയെന്ന ആകാംക്ഷയും ആരാധകരുടെ മനസിലുണ്ട്. ഇപ്പോഴിതാ ഹനുമാനായി എത്തുന്ന താരം ആരെന്ന പങ്കുവക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
സണ്ണി ഡിയോളാണ് ഹനുമാനായി എത്തുന്നത്. ഗദർ-2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് സണ്ണി ഡിയോൾ. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തിൽ രാവണനാണ് പ്രാധാന്യം നൽകുന്നത്.
വിഎഫ്എക്സിൽ ഓസ്കർ നേടിയ ഡിഎൻഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. സീതയുടെ വേഷത്തിൽ ആലിയ ഭട്ടാണ് ചിത്രത്തിലെത്തുക എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ ആലിയ പ്രോജക്ടിൽ നിന്ന് പിന്മാറുകയായിരുന്നു.