ന്യൂഡൽഹി: 13-ാം ഐപിഎല്ലിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി ഷാർജയിലെത്തി. യുഎഇയിൽ മൂന്ന് വേദികളിലായാണ് ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുക. ഇതിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കാണ് ഗാംഗുലി എത്തിയത്.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മൂന്ന് ചിത്രങ്ങളാണ് അദ്ദേഹം ഐപിഎൽ പ്രേമികൾക്കായി പങ്കുവെച്ചത്. എന്നാൽ മൂന്നാമത്തെ ചിത്രത്തിൽ അവ്യക്തമായ എന്തോ ഒന്ന് ആരാധകർ കണ്ടെത്തുകയായിരുന്നു. അധികൃതർക്കൊപ്പം നിൽക്കുന്ന ഗാംഗുലിയുടെ ചിത്രത്തിനു പിന്നിൽ പാകിസ്താൻ താരങ്ങളുടെ ചിത്രമുൾപ്പെടുത്തിയ ഒരു ബോർഡ് പ്രദർശിപ്പിച്ചിരുന്നു. എന്നാൽ പാക് താരങ്ങളുടെ ഭാഗം മാത്രം ബ്ലർ ചെയ്താണ് ദാദ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പാകിസ്താൻ താരങ്ങളായ ജാവേദ് മിയാൻദാദ്, റാഷിദ് ലത്തീഫ്, മിസ്ബ-ഉൾ-ഹഖ്, അസർ മഹമൂദ്, ഡാനിഷ് കനേറിയ എന്നിവരിൽ ആരുടെയൊക്കെയോ ചിത്രങ്ങളാണ് ഗാംഗുലി അവ്യക്തമാക്കിയതെന്നാണ് ആരാധകർ പറയുന്നത്. പോസ്റ്റിനു താഴെ ദാദക്ക് പിന്തുണയുമായി നിരവധി ആളുകളാണ് എത്തിയത്. അതിർത്തിയിൽ ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളും പാക് ഭീകരതയും കാരണം ഇരു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ തമ്മിലും അഭിപ്രായ ഭിന്നതകൾ നിലനിൽക്കെയാണ് ബിസിസിഐ അദ്ധ്യക്ഷൻ തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതിർത്തി ശാന്തമായാൽ മാത്രമെ പാകിസ്താനുമായി ഒരു പരമ്പര ഉണ്ടാകുകയുള്ളൂ എന്ന ഉറച്ച തീരുമാനമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ പാകിസ്താനിൽ ഒരു ടെസ്റ്റ് പരമ്പര കളിച്ചിട്ട് 14 വർഷത്തിലേറെയായി. പാകിസ്താൻ ഇന്ത്യയിലെത്തിയിട്ട് എട്ടു വർഷവും കഴിഞ്ഞു. ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും മാത്രമാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നതെന്നിരിക്കെ ഐപിഎല്ലിലും പാകിസ്താൻ താരങ്ങൾ ഒരിക്കൽ മാത്രമെ പങ്കെടുത്തിട്ടുള്ളു. ഐപിഎൽ ആരംഭിച്ച 2008ൽ 11 പാകിസ്താൻ താരങ്ങൾ വ്യത്യസ്ത ടീമുകളുടെ ഭാഗമായിരുന്നു.















