മനോഹരമായ കാഴ്ചകൾ കാണാൻ വിദേശത്തേക്ക് തന്നെ പോകണം എന്നില്ല. സഞ്ചാരികളെ, ഇനി ഇത് വഴി വന്നോളൂ.. മനോഹരമായ കാഴ്ചകൾ ഒരുക്കി സമുദ്രനിരപ്പിൽ നിന്നും 7800 അടി ഉയരത്തിലുള്ള, ഉത്തരാഖണ്ഡിലെ കലപ് നിങ്ങളെ കാത്തിരിക്കുന്നു.
സാഹസികതയെ ഇഷ്ടപ്പെടുന്നവർ മാത്രം പോകാൻ ഇഷ്ടപ്പെടുന്ന ഒരിടം കൂടിയാണ് ഇത്. ഇവിടെ എത്തിച്ചേർന്നാൽ അതിമനോഹരമായ കാഴ്ചകൾ ആണ് നിങ്ങൾക്ക് കാണാൻ സാധിക്കുക. ഭൂമിയിലെ സ്വർഗം ഇവിടെയാണെന്ന് നിങ്ങൾ തന്നെ പറയും.
ഇവിടെയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ കർണൻ ആണ്. 10 വർഷത്തിലൊരിക്കൽ നടക്കുന്ന കർണ മഹാരാജ് ഉത്സവ് എന്ന ആഘോഷമാണ് ഇവിടത്തെ പ്രധാന ആഘോഷം. ക്ഷേത്രത്തിലെ കർണ വിഗ്രഹം സമീപ പ്രദേശത്തെ ഗ്രാമങ്ങളിലൂടെ എഴുന്നള്ളിക്കുന്ന ചടങ്ങാണ് ഇത്. 2014ലാണ് ഈ ഉത്സവം ഈയടുത്ത് നടന്നിരിക്കുന്നത്. ഈ ഗ്രാമത്തിൽ കണ്ടുവരുന്ന മറ്റൊരു ആഘോഷമാണ് എല്ലാ വർഷവും ജനുവരി മാസത്തിൽ നടക്കുന്ന പാണ്ഡവ് നൃത്യ എന്ന നൃത്ത വിരുന്ന്. മഹാഭാരതത്തിലെ വിവിധ സന്ദർഭങ്ങൾ ആണ് നൃത്തമായി അവതരിപ്പിക്കുന്നത്.
ഇനി പറയുന്ന ഒരു കാര്യം തമാശയായി തോന്നുമെങ്കിലും ഇവിടത്തുകാരുടെ ഒരു വിശ്വാസം ആണിത്. അതായത് ഇവിടെയുള്ള ‘വെതർ സ്റ്റോൺ’ എന്ന പേരിലുള്ള കല്ല് ഘടികാര ദിശയിൽ കറക്കിയാൽ മഴ പെയ്ത് തുടങ്ങുമെന്നും എതിർ ദിശയിൽ കറക്കിയാൽ മഴ പെയ്യുന്നത് നിൽക്കുമെന്നാണ് ഇവിടത്തുകാർ വിശ്വസിക്കുന്നത്.
തങ്ങൾക്ക് കഴിക്കാനും ധരിക്കാനും ജീവിക്കാനുമുള്ള എല്ലാത്തരം വസ്തുക്കളും ഇവിടത്തുകാർ സ്വയം ഉണ്ടാക്കുന്നു എന്നതും കലപിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു. ഏകദേശം മൂവായിരത്തോളം ചെമ്മരിയാടുകൾ ഇവിടെ ഉണ്ട്. ഉരുളക്കിഴങ്ങ്, ബീൻസ്, ഗോതമ്പ്, മില്ലറ്റ് എന്നിവയും ഇവർ ഇവിടെ കൃഷി ചെയ്യുന്നു.
കാൽനട മാത്രമാണ് ഇവിടെയെത്താനുള്ള ഏക മാർഗം. പോകുന്ന വഴിയിലെ പാറകളും കല്ലുകളും കൂടാതെ കരടികളെയും സൂക്ഷിക്കണം. സാങ്ക്രിയിൽ നിന്നും സമ്മർ റൂട്ട്, വിന്റർ റൂട്ട് എന്നീ രണ്ടുവഴികളിലൂടെ ഈ സ്ഥലത്ത് എത്തിച്ചേരാം. സമ്മർ റൂട്ടിലൂടെ 11 കിലോമീറ്ററും വിന്റർ റൂട്ടിലൂടെ 5.5 കിലോമീറ്റർ ദൂരവുമാണ് സഞ്ചരിക്കേണ്ടത്.
സാഹസികത യാത്രകളെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു ഗ്രാമം തന്നെയാണ് ഉത്തരാഖണ്ഡിലെ കലപ് എന്ന ഈ പ്രദേശം.
Comments