മലയാളികളുടെ പ്രിയ കവിയും ഒട്ടേറെ സിനിമാഗാനങ്ങളുടെ രചയിതാവും കൂടിയായ റഫീഖ് അഹമ്മദ് ഇനി തിരക്കഥാകൃത്താവാൻ ഒരുങ്ങുകയാണ്. എന്നാൽ അത് മലയാള സിനിമയ്ക്ക് വേണ്ടിയല്ല, ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ എഴുതാൻ ഒരുങ്ങുന്നത്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകൻ. വ്യത്യസ്തമായൊരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ഗുരുവായൂർ ക്ഷേത്ര നടയുടെ മുന്നിൽവെച്ച് സംവിധായകന്റെ കൈയിൽ നിന്ന് പേപ്പറും പേനയും ഏറ്റുവാങ്ങിയാണ് റഫീഖ് അഹമ്മദ് തന്റെ തിരക്കഥ എഴുതാൻ ആരംഭിച്ചത്.
കേൾക്കാൻ കൊതിക്കുന്ന ഒരുപിടി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയ കവിയാണ് റഫീഖ് അഹമ്മദ്. ഗർഷോംഎന്ന സിനിമയിലെ ‘പറയാൻ മറന്ന പരിഭവങ്ങളിൽ’ തുടങ്ങി ഗൃഹാതുരതയുണർത്തുന്ന ഒത്തിരി ഗാനങ്ങളുടെ രചനയിതാവിനെ മലയാളികൾ നിറഞ്ഞ മനസോടെയാണ് നെഞ്ചിലേറ്റിയത്. അർത്ഥപൂർണമായ വരികളുടെ ലാളിത്യമായിരുന്നു റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ഇത്രയുമധികം സ്വീകാര്യത നേടിക്കൊടുത്തത്. ‘എന്നു നിന്റെ മൊയ്ദീൻ’, ‘സ്പിരിറ്റ്’, ‘ഒടിയൻ’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളുടെ വരികൾ ആർക്കും മറക്കാനാവില്ല. ‘റഫിഖ് അഹമ്മദിന്റെ കവിതകൾ’, ‘തോരാമഴ’, ‘അലമാര’ തുടങ്ങിയ കവിതകളും ഏറെ ജനശ്രദ്ധ നേടിയിരുന്നു.
കവി എന്ന നിലയിൽ അംഗീകരിക്കപ്പെട്ട റഫീഖ് അഹമ്മദ് ആദ്യമായിട്ടാണ് ഒരു ഹിന്ദി സിനിമയുടെ തിരക്കഥാ രചിക്കുന്നത്. റഫീഖ് അഹമ്മദ് മലയാളത്തില്‍ എഴുതുന്ന തിരക്കഥ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകരായ അബ്ബാസ് മസ്താന് സഹോദരങ്ങളാണ്.ന്യൂഡൽഹിയിലും വയനാട്ടിലുമായി സിനിമയുടെ ചിത്രീകരണം നവംബറിൽ തുടങ്ങാനാണ് ആലോചിക്കുന്നത്. പ്രണയചിത്രം ആയതുകൊണ്ട് ഫെബ്രുവരി 14നായിരിക്കും ചിത്രം റിലീസിനൊരുങ്ങുന്നത്. നായകന് ഹിന്ദിയില്‍ നിന്നും നായിക മലയാളത്തില്‍ നിന്നും ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.















