സൈനികരുടെ ജീവിതം മുൻ നിർത്തി ഒരു പിടി നല്ല ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച വ്യക്തിയാണ് മേജർ രവി . മലയാള സിനിമയിലെ മുൻ നിര താരങ്ങളെയെല്ലാം വെച്ച് സിനിമ പുറത്തിറക്കിയ സംവിധായകൻ കൂടിയായ മേജർ രവിയുടെ കീർത്തിചക്ര, മിഷൻ നൈന്റി ഡേയ്സ് , പിക്കറ്റ് 43 തുടങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയവ ആയിരുന്നു .
സൈനികരെ പ്രമേയം ആക്കിയുള്ള ചിത്രങ്ങളിൽ നിന്ന് ചുവട് മാറ്റി ഒരു കുടുംബ ചിത്രവുമായി എത്തുകയാണ് മേജർ രവി ഇത്തവണ . സുരേഷ് ഗോപിയും ആശ ശരത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിന് മാറ്റം വന്നതിന് ശേഷം മാത്രം ആരംഭിക്കാം എന്ന തീരുമാനത്തിൽ ആണ് അണിയറ പ്രവർത്തകർ .
ഒരുമിച്ചു പഠിച്ച സഹപാഠികൾ ആയിട്ടാണ് സുരേഷ് ഗോപിയും ആശ ശരത്തും ഈ ചിത്രത്തിൽ എത്തുന്നത് . ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോവുകയും തന്മൂലം നാടുമായും നാട്ടിലെ കൂട്ടുകാരുമായും ഉള്ള ബന്ധങ്ങൾ ഒക്കെ തന്നെയും അറ്റ് പോവുകയും , എന്നാൽ സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയ വ്യക്തിയായിട്ടുമാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ വേഷമിടുന്നത് . മുപ്പത്തിയഞ്ച് വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തുന്ന തന്റെ കൂട്ടുകാരനെ തേടി എത്തുന്ന കൂട്ടുകാരിയായിട്ടാണ് ആശ ശരത് എത്തുന്നത് . അവരുടെ സൗഹൃദത്തിലൂടെ പറഞ്ഞു പോകുന്ന ഒരു മനോഹര ചിത്രമായിരിക്കും ഇതെന്ന് മേജർ രവി ഉറപ്പിച്ചു പറയുന്നു .
കൊറോണ പശ്ചാത്തലം കണക്കിലെടുത്തു കൊണ്ട് , അത് നൽകുന്ന പരിമിധികൾക്കുള്ളിൽ നിന്ന് കൊണ്ട് എടുക്കാൻ പറ്റുന്ന ചിത്രം എന്ന രീതിയിൽ ആണ് ഇതിന്റെ പ്രമേയം ചിട്ടപ്പെടുത്തിയിരിക്കുന്നത് . പാലക്കാടിന്റെ മനോഹര പശ്ചാത്തലത്തിൽ ചിത്രീകരണം നടത്തണം എന്നാഗ്രഹിക്കുന്ന അണിയറ പ്രവർത്തകർ കോവിഡിന്റെ അവസ്ഥക്ക് മാറ്റം വരുവാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് .
Comments