കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള തൊടുപുഴയുടെ ഹൃദയ ഭാഗത്തിരിക്കുന്ന മഹാക്ഷേത്രമാണ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം . ബക വധത്തിന് ശേഷം വിശപ്പ് സഹിക്കാൻ കഴിയാതെ ഭക്ഷണം ചോദിക്കുന്ന ഭാവത്തിൽ ഉള്ള ബാലഗോപാലൻ ആണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ . തൊടുപുഴക്കാരുടെ സ്വന്തമാണ് ഏതാപത്തിലും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ബാലഗോപാലൻ .
കഥകളാലും ഐതിഹ്യങ്ങളാലും സമ്പന്നമായ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്ര വലിയ മനഃപ്രയാസത്തോടു കൂടിയാണ് എത്തുന്നതെങ്കിലും ഭഗവാനെ മനമുരുകി വിളിക്കുമ്പോൾ കിട്ടുന്ന സമാധാനവും മനഃശ്ശാന്തിയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് എന്നാണ് തൊടുപുഴക്കാരുടെ സാക്ഷ്യം . ഏതു ആപത്തിലും തകർച്ചയിലും മനമുരുകി വിളിച്ചാൽ കൂടെ എത്തുന്ന ആപത്ബാന്ധവനാണ് ഇവിടെ കുടികൊള്ളുന്ന ശിശു സംരക്ഷകൻ കൂടിയായ ബാലഗോപാലൻ .
ഒരുപാട് പ്രത്യേകതകൾ ഉള്ള ഈ ക്ഷേത്രത്തിൽ കയ്യിൽ നിവേദ്യവുമായിട്ടാണ് മേൽശാന്തി രാവിലെ നടതുറക്കുന്നത് . ബക വധത്തിന് ശേഷം അൽപ സമയം പോലും വിശപ്പ് സഹിക്കാൻ കഴിയാതെ ഇരിക്കുന്ന ബാലഗോപാല സങ്കല്പത്തിൽ ഉള്ള പ്രതിഷ്ഠയായത് കൊണ്ടാണ് ഇത്തരത്തിൽ ഉള്ള ഒരു ആചാരം ഈ ക്ഷേത്രത്തിൽ അനുഷ്ടിച്ചു പോരുന്നത് .
ക്ഷേത്ര ഉത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ് . ഒരു കാലത്ത് വൃക്ഷ നിബിഢമായിരുന്ന ഈ പ്രദേശത്ത് ധാരാളം മുനികളും സന്യാസിമാരും മറ്റും വന്നു തപസ്സനുഷ്ഠിച്ചു കൊണ്ട് ഈ പ്രദേശത്തെ പുണ്യഭൂമി ആക്കി മാറ്റിയിരുന്നു . ഈ അവസരത്തിൽ ആണ് ലക്ഷ്മി ദേവി ഇവിടെ പ്രത്യക്ഷ ആയതും തന്റെ സാന്നിധ്യം ഈ പ്രദേശത്ത് എന്നും ഉണ്ടായിരിക്കും എന്ന് അരുളി ചെയ്യുകയും ചെയ്തത് . അതെ സമയം തന്നെ ഇവിടെ വിഷ്ണു സാന്നിധ്യവും ദർശിച്ചിരുന്നു .
ഇതേ സമയം തന്നെ തലയോലപ്പറമ്പിന് അടുത്തുള്ള ലക്ഷ്മി ഗ്രാമത്തിലെ ഒരു യോഗിക്ക് ഭഗവാൻ എന്നും ബാലഗോപാലന്റെ രൂപത്തിൽ ദർശനം നല്കുന്നുണ്ടായിരുന്നു . യോഗിയുടെ ഏതോ പ്രവർത്തിയിൽ അസന്തുഷ്ടനായ ഭഗവാൻ പിന്നീട് അദ്ദേഹത്തിന് ദർശനം നല്കാതെയായി . ഇതിൽ ദുഖിതനായ യോഗി വർഷങ്ങളോളം ഭഗവാന്റെ ദർശനത്തിനായി നിത്യവും അപേക്ഷിച്ചുവെങ്കിലും ദർശനം നല്കുകയുണ്ടായില്ല . ഒടുവിൽ ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് വെച്ച് ബക വധത്തിന് ശേഷം വിശപ്പ് സഹിക്കാൻ കഴിയാതെ അമ്മയോട് ഭക്ഷണം ചോദിക്കുന്ന ഭാവത്തിൽ യോഗിക്ക് ഭഗവാൻ ദർശനം നൽകി എന്നതാണ് ഐതിഹ്യം .
ശിശു സംരക്ഷകൻ എന്ന് കൂടി ആളുകൾ വിശ്വസിക്കുന്ന ഭഗവാന്റെ മുന്നിൽ ചെന്ന് കൊണ്ട് മനം ഉരുകി പ്രാർത്ഥിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന സകല രോഗപീഡകൾക്കും ആശ്വാസം ഉണ്ടാകും എന്നതാണ് മറ്റൊരു വിശ്വാസം .കുട്ടികളിൽ എത്ര ചികിൽസിച്ചിട്ടും മാറാത്ത അസുഖങ്ങൾ ഉണ്ടെങ്കിൽ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ മാറും എന്ന വിശ്വാസം ഉണ്ട് . പുള്ളും പ്രാവും അല്ലെങ്കിൽ പുള്ളും മുട്ടയുമാണ് പ്രധാന വഴിപാടായി കുട്ടികളുടെ രോഗശാന്തിക്ക് വേണ്ടി ആളുകൾ സമർപ്പിക്കാറുള്ളത് .
ഈ ക്ഷേത്രത്തിൽ കൃഷ്ണന് രണ്ടു പിറന്നാളാണ് ഉള്ളത് . അഷ്ടമിരോഹിണിയും മീനമാസത്തിലെ ചോതിയുമാണ് പിറന്നാൾ ദിനങ്ങൾ . മീനമാസത്തിലെ ചോതി നാളിലാണ് യോഗിക്ക് ഭഗവാൻ ദർശനം നൽകിയത് എന്നതിനാലാണ് ഈ ദിനവും ഭഗവാന്റെ പിറന്നാൾ ആയി ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നത് .
ക്ഷേത്ര നിർമ്മാണത്തിലും ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ക്ഷേത്രം കൂടിയാണിത് . ക്ഷേത്രത്തെ പ്രദക്ഷിണം വെച്ച് കൊണ്ടാണ് തൊടുപുഴയാർ ഒഴുകുന്നത് എന്നത് ഏറ്റവും വലിയ പ്രത്യേകതയാണ് . തമിഴ് ശൈലിയിലാണ് ക്ഷേത്ര ഗോപുരം നിർമ്മിച്ചിട്ടുള്ളത് . കേരളത്തനിമയുള്ള ഗോപുരവും ഇതോടൊപ്പം കാണാം എന്നുള്ളത് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് .















