ഷാര്‍ജ: കാണികളില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലാതെയാണ് ഐപിഎല്ലിന്റെ 13-ാം സീസണ്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഇത്തവണ ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങള്‍ മലയാളി താരങ്ങളുടെ ബാറ്റിംഗ് വെടിക്കെട്ടിലാണ് ശ്രദ്ധേയമായത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ദേവ്ദത്ത് പടിക്കല്‍ തുടങ്ങിവെച്ചത് രാജസ്ഥാന് വേണ്ടി സഞ്ജു ഏറ്റുപിടിക്കുന്ന കാഴ്ചയാണ് കാണാനായത്.
ആര്‍സിബിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ തുടക്കക്കാരന്റെ പരിഭ്രമമോ ഭയമോ ഇല്ലാതെയാണ് ബാറ്റ് വീശിയത്. 42 പന്തുകള്‍ നേരിട്ട ദേവ്ദത്ത് 8 ബൗണ്ടറികളുടെ അകമ്പടിയോടെ 56 റണ്‍സാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായതും ദേവ്ദത്തിന്റെ തുടക്കമായിരുന്നു. മത്സര ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ ദേവ്ദത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍, ദേവ്ദത്തിനെക്കാള്‍ പരിചയ സമ്പന്നനായ സഞ്ജുവിന്റെ പ്രകടനത്തിലും അത് നിഴലിച്ചു. കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആക്രമിച്ചു കളിച്ച സഞ്ജു ഷാര്‍ജയിലെ സ്‌റ്റേഡിയത്തില്‍ ബാറ്റിംഗ് വെടിക്കെട്ടിനാണ് തിരികൊളുത്തിയത്. 32 പന്തുകള്‍ നേരിട്ട സഞ്ജു 9 സിക്‌സറുകളും ഒരു ബൗണ്ടറിയും സഹിതം 74 റണ്‍സാണ് അടിച്ചെടുത്തത്. ടി20 ലോകകപ്പ് വരാനിരിക്കെ സെലക്ടര്‍മാരുടെ ശ്രദ്ധ ഒരിക്കല്‍ കൂടി തന്നിലേക്ക് ആകര്‍ഷിക്കാനും സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്.















