ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നാലാം ദിനത്തിൽ നടന്ന വെടിക്കെട്ട് മത്സരത്തിന് ഒരു റെക്കോർഡ് സ്വന്തമാക്കാനായി. ഐപിഎല്ലിലെ ഒറു മത്സരത്തിൽ ഏറ്റവുമധികം സിക്സറുകൾ നേടുകയെന്ന റെക്കോർഡിനൊപ്പമാണ് ഇന്നലത്തെ മത്സരം എത്തിയത് 33 സിക്സറുകളാണ് ഇന്നലെ രാജസ്ഥാൻ, ചെന്നൈ ബാറ്റ്സ്മാൻമാരുടെ ബാറ്റിൽ നിന്ന് പിറന്നത്. മലയാളി താരം സഞ്ജു സാംസണാണ് മത്സരത്തിൽ കൂടുതൽ സിക്സറുകൾ പായിച്ചത്.
രാജസ്ഥാന്‍ 17ഉം ചെന്നൈ 16ഉം സിക്സറുകളാണ് പറത്തി. സഞ്ജു 9 ഉം, ഫാഫ് ഡുപ്ലെസി ഏഴും സിക്സറുകൾ നേടി. സ്റ്റീവ് സ്മിത്ത്, ജോഫ്രാ ആര്‍ച്ചര്‍, ഷെയിന്‍ വാട്സൺ എന്നിവര്‍ നാല് വീതവും ചെന്നൈ നായകൻ ധോണി മൂന്നും സാം കറന്‍ രണ്ടും സിക്സറുകളാണ് ആണ് നേടിയത്. 2018ൽ ചെന്നൈ ബാംഗ്ലൂര്‍ മത്സരത്തിലും 33 സിക്സര്‍ പിറന്നിരുന്നു. 2018ല്‍ ചെന്നൈ കൊല്‍ക്കത്ത മത്സരത്തില്‍ 31 സിക്‌സുകള്‍ പിറന്നതാണ് തൊട്ടുപിന്നില്‍.
ആവേശകരമായ മത്സരത്തിനൊടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 16 റണ്‍സിനായിരുന്നു രാജസ്ഥാന്‍ റോയല്‍സ് മുട്ടുകുത്തിച്ചത്. 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്‌ക്ക് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.















