ന്യൂഡല്‍ഹി: ഇന്ത്യന്‍ സുരക്ഷയ്‌ക്ക് അതിവേഗ പാതയൊരുക്കി 43 പാലങ്ങളുടെ ശൃംഖല ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗ്ഗനൈസേഷന്‍ പണിത പാലങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ഏഴു സംസ്ഥാനങ്ങളേയും ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ബന്ധിപ്പിക്കുന്ന പാലങ്ങളാണ് തുറക്കപ്പെടുന്നത്. ഇതിനൊപ്പം നെച്ചീഫൂ തുരങ്ക നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും കേന്ദ്രമന്ത്രി ഇന്ന് നടത്തും.
ചൈനയുടെ നിരന്തര ഭീഷണിയെ ശക്തമായി പ്രതിരോധിക്കാന്‍ അതിനിര്‍ണ്ണായകമായ പാലങ്ങളാണ് ബി.ആര്‍.ഒ നിര്‍മ്മിച്ചത്. നാല്‍പ്പത്തിമൂന്ന് പാലങ്ങള്‍ ഇന്ത്യന്‍ സേനയുടെ അതിര്‍ത്തിയിലേക്കുളള യാത്രകള്‍ അനായാസമാക്കിയിരിക്കുകയാണ്. സുരക്ഷയ്‌ക്കൊപ്പം വികസനവും പ്രദാനം ചെയ്യുന്ന പാലങ്ങള്‍ കടുത്ത മഞ്ഞുവീഴ്ചയിലും ഒറ്റപ്പെട്ട സംസ്ഥാനങ്ങള്‍ക്കും ആശ്വാസമാവുകയാണ്.
പാലങ്ങളില്‍ നിര്‍മ്മിക്കാന്‍ വിഷമമുണ്ടായിരുന്നത് നിമ്മുവിലേതായിരുന്നു. എന്നാല്‍ അതിശയിപ്പിക്കുന്ന വേഗത്തിലാണ് ബി.ആര്‍.ഒ പാലം പണി മൂന്നുമാസംകൊണ്ട് പൂര്‍ത്തിയാക്കിയത്. 2004 മുതല്‍ 2014 വരെ അതിര്‍ത്തിയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടഞ്ഞുവെച്ച കോണ്‍ഗ്രസ്സിന്റെ നയം ദേശീയ സുരക്ഷയ്‌ക്ക് വലിയ ഭീഷണിയായിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.















