തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയില്‍ കേസെടുത്തതിന് പിന്നാലെ സിബിഐയെ വിമര്‍ശിച്ച് സിപിഎം. കേസ് അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയില്‍ കേസെടുത്തതിനെയും സിപിഎം വിമര്‍ശിക്കുന്നു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയമട്ടിലാണ് സിബിഐ പ്രവര്‍ത്തിച്ചതെന്ന് സിപിഎം ആരോപിച്ചു. സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടേയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സിബിഐക്ക് അന്വേഷണം നടത്താമെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.
സമീപകാലത്ത് സൃഷ്ടിക്കപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് ഏതന്വേഷണവും ആകാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, അത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടി ആകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നുള്ള വിലകുറഞ്ഞ വാദമാണ് സിപിഎം മുന്നോട്ടുവെക്കുന്നത്. കോണ്‍ഗ്രസ് കേരളത്തില്‍ സിബിഐയുടെ സ്തുതിപാഠകരാണെന്നും സിപിഎം വിമര്‍ശിച്ചു.
Comments