മനുഷ്യ ശരീരത്തെ അടി തൊട്ടു മുടിവരെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മറ്റുള്ള അവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ തലച്ചോറിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഏതൊരു കാര്യവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ ചില ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ അതൊന്നും തള്ളിക്കളയാതെ എന്താണ് അതിന്റെ കാരണമെന്ന് കണ്ടെത്താനും തിരിച്ചറിയാനും ശ്രദ്ധിക്കേണ്ടതാണ്.
തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രധാന അസുഖമാണ് ബ്രെയിന്‍ ട്യൂമര്‍. തുടക്കത്തിലേ കണ്ടെത്തി ആവശ്യമായ ചികിത്സ കിട്ടിയാല്‍ എളുപ്പം ഭേദമാക്കാം. എന്നാല്‍ തുടക്കത്തില്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. തലയോട്ടിക്കുള്ളിലെ ട്യൂമറിന്റെ വ്യാപനം തലച്ചോറില്‍ പ്രഷര്‍ ഉണ്ടാക്കുകയും അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
സ്ഥിരമായുളള തലവേദന, ഇടയ്‌ക്കിടെ ഉണ്ടാകുന്ന ഛര്‍ദി, കാഴ്ചയ്‌ക്കു മങ്ങല്‍, ക്രമം തെറ്റിയ ആര്‍ത്തവം, വന്ധ്യത, ഭാരം കുറയല്‍, രക്ത സമ്മര്‍ദ്ദം കൂടല്‍, പ്രമേഹം, മയക്കം, ഡബിള്‍ വിഷന്‍, ക്ഷീണം, കാരണമില്ലാതെയുളള ഭയം, അപരിചിത ഗന്ധങ്ങള്‍ അനുഭവപ്പെടല്‍, ഇടയ്‌ക്കിടെ ബോധം നഷ്ടപ്പെടല്‍, വ്യക്തിത്വത്തിലും പെരുമാറ്റത്തിലുമുളള മാറ്റങ്ങള്‍ എന്നിവയെല്ലാമാണ് ബ്രെയിന്‍ ട്യൂമറിന്റെ പ്രധാന ലക്ഷണങ്ങള്‍. സംസാരിക്കാനുള്ള പ്രയാസം, സംസാരിക്കുന്നതിലും മനസിലാക്കുന്നതിലും ഉണ്ടാകുന്ന പ്രയാസം, ഓര്‍മ്മക്കുറവ് എന്നിവയും അനുഭവപ്പെടുന്നു.
തലയോട്ടിയിലെ പ്രഷര്‍ വര്‍ദ്ധിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. ചില സമയത്ത് ഇത് നാഡിമിടിപ്പ് കൂടുന്നതിനും കാരണമാകുന്നു. പേശി വലിവ് അനുഭവപ്പെടുന്നു. അതിന്റെ ഫലമായി കൈകള്‍ക്കും കാലിനും വിറയല്‍, കോച്ചിപ്പിടുത്തം എന്നിവ അനുഭവപ്പെടുന്നു. ഇവയെല്ലാം അനുഭവപ്പെടുമ്പോള്‍ ഉടനടി ഡോക്ടറെ കാണിക്കുകയും പ്രതിവിധി തേടേണ്ടതും ആവശ്യമാണ്. എന്നാല്‍ മറ്റുളള അസുഖങ്ങളുടെ ലക്ഷണങ്ങള്‍ കൂടി ആയി ഇവയെല്ലാം ഉണ്ടായേക്കാം. എന്നാല്‍ അവ ഏതെന്ന് തിരിച്ചറിയുകയും ആവശ്യമായ ചികിത്സ തേടുകയും വേണം















