ഈ കൊറോണ കാലം എല്ലാവർക്കും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെങ്കിലും അതിൽ ഏറ്റവും കൂടുതൽ ശ്വാസം മുട്ടിക്കുന്നത് വൃദ്ധജനങ്ങളെയാണ്. പുറത്തു പോകുവാനോ, തങ്ങളുടെ സുഹൃത്തുക്കളുമായി സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെടുവാനോ കഴിയാതെ വീട്ടിൽ തന്നെ മാസങ്ങളായി ഇരിക്കുകയാണ് അവർ. പ്രായമേറിയവരിൽ രോഗം പകരാനുള്ള സാധ്യത കൂടുതലായതു കൊണ്ടാണ് അറുപത് വയസിന് മുകളിൽ ഉള്ളവർക്ക് പുറത്തിറങ്ങാൻ അനുവാദമില്ലാത്തത്. പ്രായമേറും തോറും പ്രതിരോധശേഷി കുറയും. അതിനാൽ പ്രായം ഉള്ളവർ സ്വന്തം ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്.
വീടിനുള്ളിൽ തന്നെയാണെങ്കിലും വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. ആളുകൾ കൂടുന്ന ഇടങ്ങളിൽ പരമാവധി പോകാതിരിക്കുക. വിവാഹം, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കുക. വൃദ്ധജനങ്ങളുടെ ആരോഗ്യത്തെ കരുതിയാണ് ഇത്തരം കരുതലുകൾ എടുക്കണം എന്ന് സർക്കാരും ആരോഗ്യ വകുപ്പും നിർദ്ദേശിക്കുന്നത്. എന്നാൽ സാമൂഹികമായ ഒറ്റപ്പെടൽ മാനസികമായി അവരെ ബാധിക്കും. അതുകൊണ്ട് പുതിയ മാർഗങ്ങളായ മൊബൈൽഫോണും , ലാപ്ടോപ്പും, ഇന്റർനെറ്റുമെല്ലാം അവരെയും പഠിപ്പിക്കാം. അതുവഴി അവർക്ക് സുഹൃത്തുക്കളുമായി സംസാരിക്കാനും, വിശേഷങ്ങൾ പങ്കുവെക്കുവാനും സാധിക്കും.
ബാങ്കുകളിലൊന്നും പോകാത തന്നെ പണമിടപാടുകൾ സ്മാർട്ട് ഫോൺ വഴി ചെയ്യാൻ പഠിപ്പിക്കാം. അതുപോലെ നല്ല വായു സഞ്ചാരമുള്ള മുറി ഇവർക്ക് നൽകാം. വീടിനുള്ളിൽ ആണെങ്കിലും തൂവാലയോ, മാസ്‌ക്കോ ഉപയോഗിച്ച് മുഖം മൂടുന്നത് ഉചിതമാണ്. വയോധികരുടെ കാര്യത്തിൽ ചെറിയ ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും തള്ളി കളയരുത്. വയസ്സായവർ ഉള്ള വീടുകളിൽ പരമാവധി പുറമെ നിന്നും വരുന്ന ആളുകളെ ഒഴിവാക്കുക. ശാരീരികമായി എന്ത് അസ്വസ്ഥത തോന്നിയാലും ആരോഗ്യ വിദഗ്‌ധരുടെ നിർദ്ദേശം തേടണം.
Comments