കൊച്ചി: ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലായിരുന്ന ചലച്ചിത്ര വ്യവസായം പുതിയ കുതിപ്പിന് ഒരുങ്ങുന്നു. മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള തിയേറ്ററുകള്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ 15ന് ശേഷം തുറക്കാം എന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതോടെ നിലവില്‍ റിലീസ് കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാകും തിയേറ്ററുകളില്‍ എത്തുക.
പി കെ 7 ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസ് നിര്‍മ്മിച്ചിരിക്കുന്ന വിവിധ ഭാഷ ചലച്ചിത്രമായ ‘മഡ്ഡി’ തിയറ്ററുകള്‍ തുറക്കുന്ന മുറയ്‌ക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ത്യന്‍ സിനിമയില്‍ തന്നെ 4×4 മഡ് റേസിംഗ് പ്രമേയമായി എത്തുന്ന ആദ്യ ചലച്ചിത്രമാണ് ‘മഡ്ഡി’. പുതുമുഖ സംവിധായകനായ ഡോ. പ്രഗഭല്‍ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലറായ മഡ്ഡിയിലെ നായക, നായിക കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. മഡ് റേസിംഗിനെ പ്രേക്ഷകര്‍ക്ക് ത്രില്ലടിപ്പിക്കുന്ന രീതിയില്‍ സിനിമയിലേക്കെത്തിക്കുക എന്നതാണ് താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംവിധായകന്‍ പ്രഗഭല്‍ പറയുന്നു.
ഇന്ത്യന്‍ സിനിമയില്‍ തന്നെ പുതിയ പ്രമേയം എന്നതിനാല്‍ തന്നെ റെഫര്‍ ചെയ്യാന്‍ മറ്റ് സിനിമകള്‍ ഉണ്ടായിരുന്നില്ല എന്നതും നിര്‍മ്മാണത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിച്ചു. മഡ് റേസിംഗ്, ചെളിയിലുള്ള സംഘട്ടനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാഹസിക രംഗങ്ങള്‍ വളരെ യാഥാര്‍ത്ഥ്യമായി ചെളിയില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്നത് സിനിമ പ്രേമികള്‍ക്ക് പുതിയ അനുഭവമേകും. അഞ്ച് വര്‍ഷത്തോളം ചിലവഴിച്ചാണ് സംവിധായകന്‍ മഡ്ഡിക്കായി തയ്യാറെടുത്തത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാര്‍ രണ്ട് വര്‍ഷത്തോളം മഡ് റേസിംഗില്‍ പരിശീലനം നേടി ലൈവായി ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതും ഈ സിനിമയെ ശ്രദ്ധേയമാക്കുന്നു.
കെജിഎഫ് സംഗീത സംവിധായകന്‍ രവി ബസ്രൂര്‍, രാത്സസന്‍ സിനിമയുടെ എഡിറ്റര്‍ സാന്‍ ലോകേഷ്, ഹോളിവുഡ് ചായഗ്രഹകനായ കെ.ജി രതീഷ് തുടങ്ങിയ പ്രമുഖരാണ് മഡ്ഡിയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നതും സിനിമയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇതുവരെ പുറം ലോകം കാണാത്ത സാഹസികവും പ്രകൃതി മനോഹരവുമായ ലൊക്കേഷന്‍ പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യഭംഗിയേകും. ടീസര്‍ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ഹരീഷ് പേരടി, കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍, ഗിന്നസ് മനോജ്, ബിനീഷ് ബാസ്റ്റിന്‍, സുനില്‍ സുഗത, ശോഭ മോഹന്‍ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.















