കർണാടകയിലെ ഏറ്റവും പ്രശസ്‌തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശൃംഗേരി ആദി ശങ്കരാചാര്യർ സ്ഥാപിച്ച ശാരദ പീഠത്തിന്റെ ആസ്ഥാനം കൂടിയാണ് .മംഗലാപുരം , ചിക്മഗലൂർ,ഉഡുപ്പി എന്നീ പ്രദേശങ്ങളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ശൃംഗേരി പശ്ചിമഘട്ടത്തിന്റെ പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതയുമാണ് .
അതിമനോഹരമായ ഹൊയ്‌സാല, ചാലൂക്യ, ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ക്ഷേത്ര വാസ്തുവിദ്യ അനുസരിച്ചു രൂപകല്പന ചെയ്ത അതിശയകരവും പ്രൗഢ ഗംഭീരവുമായ വിദ്യാശങ്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ശൃംഗേരിയിലാണ് . കൂടാതെ തീർത്ഥാടകർ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ശ്രീ ശാരദാംബ ക്ഷേത്രവും ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു .
എട്ടാം നൂറ്റാണ്ടിലാണ് ശൃംഗേരിയിൽ ആദി ശങ്കരാചാര്യർ , ശാരദ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു കൊണ്ട് ശാരദ പീഠം സ്ഥാപിച്ചത് . തുങ്ക നദി തീരത്ത് സ്ഥിതി ചെയ്യുന്ന ശൃംഗേരി ക്ഷേത്ര മതില്കെട്ടിനകത്തായി ശാരദ പീഠവും , ശ്രീ ശാരദാംബ ക്ഷേത്രവും എല്ലാ അർത്ഥത്തിലും വ്യത്യസ്തത പുലർത്തുന്ന വിദ്യാശങ്കര ക്ഷേത്രവും സ്ഥിതി ചെയ്യുന്നു .
1338 ൽ കല്ലിൽ നിന്ന് മനോഹരമായ വാസ്തുവിദ്യ ഉപയോഗിച്ച് കൊത്തിയെടുത്ത ക്ഷേത്രമാണ് വിദ്യാശങ്കര ക്ഷേത്രം .ഗുരു വിദ്യാശങ്കരന്റെ ഓർമ്മക്കായി , ശാരദ പീഠത്തിന്റെ സാരഥി ആയിരുന്ന വിദ്യാരണ്യൻ പണി കഴിപ്പിച്ച ക്ഷേത്രമാണിത് . ഹൊയ്‌സാല, ചാലൂക്യ, ദ്രാവിഡ ശൈലികൾ സംയോജിപ്പിച്ച്, വിജയനഗര ഭരണാധികാരികളുടെ സഹായത്തോടെയാണ് ഈ ക്ഷേത്രം നിർമ്മിച്ചത് .
മനോഹരമായി കൊത്തിയെടുത്ത ശില്പങ്ങൾ കൊണ്ട് നിറഞ്ഞ അതിമനോഹരമായ ഒരു സ്മാരകമാണ് ഈ ക്ഷേത്രം .ഹൊയ്‌സാല ശില്പകലയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള അതുല്യമായ രൂപഭംഗി ഉള്ള ചുവരുകളും , ഉയർന്ന പ്രതലങ്ങളും , തൂണുകളുടെ അടിഭാഗവും ക്ഷേത്രത്തെ അതിമനോഹരമാക്കുന്നു .ഇന്ത്യൻ – ദക്ഷിണേന്ത്യൻ ക്ഷേത്ര വാസ്തുവിദ്യയുടെ വ്യത്യസ്ത ശൈലികളുടെ സവിശേഷവും മനോഹരവുമായ സംയോജനമാണീ ക്ഷേത്രം .
ക്ഷേത്രത്തിന്റെ പുറം ഭിത്തികളിൽ ഹിന്ദുപുരാണകഥകൾ ആലേഖനം ചെയ്തിരിക്കുന്നു കൂടാതെ ഭിത്തിയുടെ അടിത്തട്ടിലായി ആനകൾ , കുതിരകൾ , സിംഹങ്ങൾ എന്നിവയുടെ രൂപങ്ങളും ,ക്ഷേത്രത്തിന്റെ പിൻവശത്തായി ദശാവതാരവും ആലേഖനം ചെയ്തിട്ടുണ്ട് .
ക്ഷേത്രത്തിന്റെ അകത്തളത്തിലായി പന്ത്രണ്ട് രാശികളെ സൂചിപ്പിക്കുന്ന തൂണുകൾ ഉണ്ട് . ഓരോ തൂണിലും അതാത് രാശിയുടെ ചിഹ്നങ്ങൾ കൊത്തിയിട്ടുണ്ട് . ഈ തൂണുകളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവെച്ചാൽ , ഇവ ഓരോന്നും സ്ഥാപിച്ചിരിക്കുന്നത് സൂര്യകിരണങ്ങൾ തൂണുകളിൽ പതിയുക രാശികളുടെ ക്രമം അനുസരിച്ചായിരിക്കും .ഹൊയ്‌സാലയിലും വിജയനഗര ശൈലിയിലുമുള്ള ക്ഷേത്രങ്ങളിൽ കാണുന്നത് പോലെ തറയിൽ ഉയർന്ന വൃത്തത്തിൽ ഉള്ള പ്രതലങ്ങൾ ഈ ക്ഷേത്രത്തിലും കാണാൻ സാധിക്കും .രാശിചക്ര തൂണുകളിൽ സൂര്യപ്രകാശം വീഴുമ്പോൾ നിഴലുകളുടെ ദിശയെ സൂചിപ്പിക്കുന്ന വരകളാൽ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു ..
ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഒരു വശത്തായി ഗണപതിയും മറുവശത്തായി ദുർഗ്ഗാദേവിയും കുടികൊള്ളുന്നു .















