ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “കള “. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ ജൂലൈയിൽ പുറത്തിറക്കിയിരുന്നു . ഈ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത , ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിടാൻ അണിയറ പ്രവർത്തകർ ഒരുങ്ങുന്നു എന്നുള്ളതാണ് .
ആഴ്ചയുടെ തുടക്കത്തിൽ ഷൂട്ടിങ്ങിനിടയിൽ നിന്നുള്ള ടോവിനോയുടെ ചെളിയിൽ പൊതിഞ്ഞ ചിത്രം തരംഗമായിരുന്നു . അതിനാൽ തന്നെ ടോവിനോയുടെ ആരാധകർ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് .
ആസിഫ് അലി നായകനായി എത്തിയ അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ സംവിധാനം ചെയ്ത രോഹിത് വി എസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ . പൂർണ്ണമായും ത്രില്ലർ ചിത്രമായിരിക്കും എന്നാണ് സംവിധായകനായ രോഹിത് വി എസ് പറയുന്നത് .
ഊഴം എന്ന ചിത്രത്തിൽ അഭിനയിച്ച ദിവ്യ പിള്ളയാണ് ഈ ചിത്രത്തിൽ ടോവിനോ തോമസിനൊപ്പം നായികയായി എത്തുന്നത് . പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുമേഷ് മൂർ , മുൻനിര നടന്മാരിൽ ഒരാളായ ലാൽ എന്നിവർ ഈ ചിത്രത്തിൽ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . സെപ്റ്റംബർ ഏഴാം തീയതി മുതൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് .
അഡ്വെഞ്ചർ കമ്പനി ഇൻ അസോസിയേഷൻ എന്ന ബാനറിൽ സിജു മാത്യു ആണ് ചിത്രം നിർമ്മിക്കുന്നത് . ടോവിനോ തോമസും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്ക് വഹിക്കുന്നുണ്ട് . സിജു മാത്യുവും യദു പുഷ്പാകരനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് .ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജും , വസ്ത്രാലങ്കാരം സ്മാര സനീഷും, എഡിറ്റിംഗ് ലിവിങ്സ്റ്റൺ മാത്യുവും , ശബ്ദ വിഭാഗം ഡോൺ വിൻസെന്റും , പ്രൊഡക്ഷൻ ഡിസൈനിങ് ജ്യോതിഷ് ശങ്കറും നിർവഹിക്കുന്നു .
Comments