അബുദാബി: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചതിരിഞ്ഞ് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ പൊടിപാറുമെന്ന് ഉറപ്പാണ്. അബുദാബിയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം.
പതിവിനു വിപരീതമായി തുടക്കം മുതല്‍ തന്നെ ബാംഗ്ലൂര്‍ മികച്ച ഫോമിലാണ്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച ബാംഗ്ലൂര്‍ വിജയക്കുതിപ്പ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സൂപ്പര്‍ ഓവറില്‍ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബി ക്യാമ്പ്. ഓപ്പണറായി ഇറങ്ങി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ തന്നെയാകും ഇന്നത്തെ ശ്രദ്ധാകേന്ദ്രം. എബി ഡിവില്യേഴ്‌സും മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഫിഞ്ചും താളം കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങളിലും തീര്‍ത്തും നിറം മങ്ങിയ നായകന്‍ വിരാട് കോഹ്‌ലിയ്‌ക്ക് ഇന്നത്തെ മത്സരം അഭിമാനപ്പോരാട്ടമാകും.
മറുഭാഗത്ത് മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിലും സ്റ്റീവ് സ്മിത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലുമാണ് രാജസ്ഥാന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റ ക്ഷീണത്തിലാണ് രാജസ്ഥാന്‍ കോഹ്‌ലിപ്പടക്കെതിരെ ഇറങ്ങുന്നത്. ബാംഗ്ലൂരിനെ പോലെ മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയം രാജസ്ഥാന്റെ അക്കൗണ്ടിലുമുണ്ട്. എന്നാല്‍, ജയിച്ച രണ്ട് മത്സരങ്ങളും ചെറിയ മൈതാനത്തായിരുന്നെങ്കില്‍ വലിയ സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ രാജസ്ഥാന്‍ കളി മറന്നിരുന്നു. ഇന്ന് നടക്കുന്ന മത്സരവും താരതമ്യേന വലിയ മൈതാനമായതിനാല്‍ കണക്കുകൂട്ടി തന്നെയാകും രാജസ്ഥാന്‍ ഇറങ്ങുകയെന്ന് ഉറപ്പാണ്.















