കോഴിക്കോട്: കൊടുവള്ളിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. താന്നിരിക്കംപൊയിൽ സ്വദേശി പ്രസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠസഹോദരൻ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രസാദിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ പ്രസാദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു.
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കവും സ്വത്ത് സംബന്ധിച്ച തർക്കവുമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരമെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ പ്രമോദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.















