ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാജസ്ഥാനെ മുട്ടുകുത്തിച്ച് കൊല്‍ക്കത്തയും ഹൈദരാബാദിനോടേറ്റ തോല്‍വിക്ക് പരിഹാരം കാണാന്‍ ഡല്‍ഹിയും ഇറങ്ങുമ്പോള്‍ ആവേശം വാനോളമുയര്‍ന്നു കഴിഞ്ഞു. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ഷാര്‍ജയിലെ സ്റ്റേഡിയം താരതമ്യേന ചെറുതായതിനാല്‍ ബാറ്റിംഗ് വെടിക്കെട്ട് തന്നെ പ്രതീക്ഷിക്കാമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആന്ദ്രെ റസല്‍, ഇയാന്‍ മോര്‍ഗന്‍ എന്നിവരുടെ കരുത്തിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. മറുഭാഗത്ത് ഷിംറോന്‍ ഹെറ്റ്മെയര്‍, ഋഷഭ് പന്ത് എന്നിവര്‍ കത്തിക്കയറുമെന്നാണ് ഡല്‍ഹി ആരാധകരുടെ വിശ്വാസം. പരിക്ക് ഭേദമായ ആര്‍. അശ്വിന്‍ ഇന്ന് ഡല്‍ഹി നിരയില്‍ സ്ഥാനം പിടിച്ചേക്കും.
ഇതുവരെ 25 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. 13 മത്സരങ്ങളില്‍ കൊല്‍ക്കത്ത വിജയിച്ചപ്പോള്‍ 11 തവണയാണ് ഡല്‍ഹിക്ക് വിജയിക്കാനായത്. ഒരു മത്സരം ഫലം കാണാനാവാതെ ഉപേക്ഷിച്ചു. 2014ല്‍ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഡല്‍ഹിക്കൊപ്പമായിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ 152 റണ്‍സാണ് ഡല്‍ഹിയുടെ ശരാശരി ടീം സ്‌കോര്‍. ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയുടെ ശരാശരി സ്‌കോര്‍ 151 റണ്‍സാണ്.















