കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഏതാനും മാസങ്ങളായി രാജ്യത്തെ തിയറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. അൺലോക്ക് 5 ന്റെ ഭാഗമായി ഈ മാസം പുകുതിയോടെ തിയറ്ററുകൾ തുറക്കാനുള്ള അനുമതി ലഭിച്ചെങ്കിലും വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. എന്നാൽ സിനിമാ പ്രേമികൾക്കായി ഒരു സന്തോഷ വാർത്തയാണ് കൊച്ചിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. സിനിമാ പ്രേമികൾക്ക് കാറുകളിൽ ഇരുന്ന് സിനിമ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്.
ഡ്രൈവ് ഇൻ സിനിമ എന്ന് പേരിട്ടിരിക്കുന്ന സിനിമാ കാഴ്‌ച്ച ലോക്ക് ഡൗണിന്റെ സമയത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും നടന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത് ആദ്യമായാണ് നടക്കുന്നത്. ഞായറാഴ്‌ച്ച കൊച്ചിയിലെ മെറിഡിയനിലാണ് പുതിയ സിനിമാ അനുഭവം ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഡ്രൈവ് ഇൻ സിനിമയിലൂടെ സ്വന്തം കാറിൽ തന്നെയിരുന്ന് ദൃശ്യത്തിന്റേയും ശബ്ദത്തിന്റേയും മികവോടെ സിനിമ ആസ്വദിക്കാം.
തുറസായ സ്ഥലത്ത് കാറിൽ തന്നെയിരുന്ന് വലിയ സ്‌ക്രീനിലൂടെ സിനിമ കാണാം എന്നതാണ് ഇതിന്റെ സവിശേഷത. കൃത്യമായ അകലം പാലിച്ച് വലിയ സ്‌ക്രീനിന് അഭിമുഖമായി കാറുകൾ പാർക്ക് ചെയ്യും. കാറിന്റെ സ്പീക്കറിലൂടെ സിനിമയുടെ ശബ്ദമെത്തും. ഇതിനായി കാറിനുള്ളിലെ എഫ് എം റേഡിയോ നിശ്ചിത ഫ്രീക്വൻസിയിൽ ട്യൂൺ ചെയ്താൽ മതി.
കൊറോണ പ്രോട്ടോകോൾ കർശനമായി പാലിച്ചായിരിക്കും കൊച്ചിയിലെ സ്‌പെഷ്യൽ പ്രദർശനം നടക്കുക. പരമാവധി നാലു പേർക്കായിരിക്കും കാറിൽ ഇരിക്കാൻ അനുമതി. സാനിട്ടൈസർ, മാസ്‌ക് എന്നിവ നിർബന്ധമാണ്. പ്രവേശന കവാടത്തിൽ തെർമൽ സ്‌ക്രീനിംഗ് നടത്തും. സൺസെറ്റ് സിനിമാ ക്ലബാണ് കൊച്ചിയിൽ ഡ്രൈവ് ഇൻ സിനിമ എത്തിക്കുന്നത്.















