ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ഡൽഹി ക്യാപ്പിറ്റൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 18 റൺസിന് തകർത്താണ് ഡൽഹി ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയത്. ഡൽഹിയിലെ ഇന്ത്യൻ യുവനിര കൊൽക്കത്ത ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിച്ചതക്കുകയായിരുന്നു. പൃഥ്വി ഷായും ശ്രേയസ് അയ്യരും അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ഋഷഭ് പന്ത് 38 റൺസ് നേടി.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുക്കാൻ തീരുമാനിച്ച കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക്കിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടായിരുന്നു ഡൽഹിയുടെ തുടക്കം. 41 പന്തിൽ 66 റൺസ് നേടിയ പൃഥ്വി ഷായും 16 പന്തിൽ 26 റൺസ് നേടിയ ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് ഡൽഹിയ്‌ക്ക് നൽകിയത്. പിന്നാലെ എത്തിയ നായകൻ ശ്രേയസ് അയ്യരും വെടിക്കെട്ട് തുടർന്നു. 38 പന്തിൽ 88 റൺസുമായി ശ്രേയസ് പുറത്താകാതെ നിന്നു. അവസാന ഓവറിൽ സ്ട്രൈക്ക് ലഭിക്കാതിരുന്നതിനാൽ സെഞ്ച്വറിയും നഷ്ടമായി. ഇടക്ക് ശ്രേയസിന് കൂട്ടായി ഋഷഭ് പന്തുമെത്തിയതോടെ ഡൽഹി സ്കോർ അനായാസം 200 കടന്നു. 17 പന്തിൽ നിന്നാണ് ഋഷഭ് 38 റൺസ് നേടിയത്. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി കാപ്പിറ്റൽസ് 228 റൺസ് അടിച്ചുകൂട്ടിയത്.
229 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. രണ്ടാം ഓവറിൽ തന്നെ സുനിൽ നരൈൻ പുറത്തായി. ശുഭ്മാൻ ഗില്ലും അർദ്ധ സെഞ്ച്വറി നേടിയ നിതീഷ് റാണയും പൊരുതി. അന്ദ്രേ റസലും നായകൻ ദിനേശ് കാർത്തിക്കുമെല്ലാം നനഞ്ഞ പടക്കങ്ങളായി മാറി. 18 പന്തിൽ 44 റൺസുമായി ഇയാൻ മോർഗനും 16 പന്തിൽ 36 റൺസുമായി രാഹുൽ ത്രിപതിയും പൊരുതിയെങ്കിലും ഫലമുണ്ടായില്ല. കൊൽക്കത്ത ഇന്നിംഗ് 8 വിക്കറ്റ് നഷ്ടത്തിൽ 210 ൽ അവസാനിച്ചു.















