ജിവിതത്തിൽ പ്രതിസന്ധിഘട്ടങ്ങളിൽ സഹായിക്കുന്നവരെ നാം ഒരിക്കലും മറക്കാറില്ല. തങ്ങളാൽ കഴിയും വിധം അവരെ സഹായിക്കാൻ എപ്പോഴും നാം ശ്രമിക്കാറുണ്ട്. അത്തരത്തിൽ പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിക്കാനെത്തിയ അധ്യാപകന് വ്യത്യസ്തമായ ഒരു ഗുരുദക്ഷിണ നൽകിയിരിക്കുകയാണ് ഒരു ശിഷ്യൻ. ജോലിക്കായുള്ള അഭിമുഖത്തിന് പോകാൻ തനിക്ക് 500 രൂപ യാത്രാക്കൂലി നൽകി സഹായിച്ച അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികൾ നൽകിയിരിക്കുകയാണ് ബാങ്ക് സി ഇ ഒ ആയ ശിഷ്യൻ.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സി ഒ വി വൈദ്യ നാഥാണ് കണക്ക് അധ്യാപകനായിരുന്ന ഗുർദിയാൽ സരൂപ് സൈനിയ്‌ക്ക് ബാങ്കിന്റെ ഓഹരികൾ സമ്മാനമായി നൽകിയത്. ഉയർന്ന സ്ഥാനത്തെത്തിയിട്ടും ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് താങ്ങായി നിന്ന അധ്യാപകനെ അദ്ദേഹം മറന്നില്ല.
ബിർള ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ പ്രവേശനം ലഭിച്ച വൈദ്യ നാഥിന് അഭിമുഖത്തിനും കൗൺസിലിംഗിനും ഹാജരാകേണ്ടതുണ്ടായിരുന്നു. എന്നാൽ ഇതിന് വൈദ്യനാഥിന്റെ കൈവശം പണമില്ലായിരുന്നു. ഐ സാഹചര്യത്തിലാണ് അധ്യാപകൻ 500 രൂപ വൈദ്യനാഥിന് നൽകിയത്. പിന്നീട് അദ്ദേഹം തൊഴിൽ മേഖലയിൽ മികച്ച നിലയിൽ എത്തി.
തുടർന്ന് അദ്ദേഹം ഗുരുനാഥനെ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങൾക്ക് ശേഷം സഹപാഠിയുടെ സഹായത്തോടെയാണ് അദ്ദേഹം അധ്യാപകനെ കണ്ടെത്തിയത്. തുടർന്ന് തന്റെ കൈവശം ഉണ്ടായിരുന്ന ഐ ഡി എഫ് സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികളിൽ നിന്നും ഒരു ലക്ഷം ഓഹരികൾ അദ്ദേഹം ഗുരുനാഥന് സമ്മാനമായി നൽകുകയായിരുന്നു. 30 ലക്ഷം മൂല്യമുള്ള ഓഹരികളാണ് അദ്ദേഹം ഗുരുനാഥന് നൽകിയത്. സ്റ്റോക്ക് എകസ്‌ചേഞ്ചുകളെ അറിയിച്ച ശേഷമായിരുന്നു ഓഹരി കൈമാറ്റം.














