പല ഭാഷകളിലേക്കും റീമേക്ക് ചെയ്യാൻ പോകുന്ന മലയാള സിനിമയാണ് മഞ്ജു വാരിയർ നായികയായി എത്തിയ പ്രതി പൂവൻകോഴി . തമിഴ് , തെലുങ്ക് , ഹിന്ദി ,കന്നഡ എന്നീ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യാനുള്ള പകർപ്പവകാശം വിറ്റു പോയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് ആയിരുന്നു . തുണിക്കടയിൽ ജോലി ചെയ്യുന്ന രണ്ടു യുവതികളുടെ ജീവിതത്തിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമ സ്ത്രീത്വത്തിന് നേരെ ഉയർന്ന ആക്രമണം എങ്ങിനെ ഒരു സ്ത്രീയെ മാനസികമായി ബാധിക്കുന്നു എന്നും അവളിൽ അതിന്റെ അനന്തരഫലമായി ഉണ്ടാവുന്ന പ്രതികാര ഭാവവും പ്രമേയമാക്കുന്നു .
ഒരു നടൻ എന്ന നിലയിൽ റോഷൻ ആൻഡ്രൂസ് ആദ്യമായി വെള്ളിത്തിരയിൽ എത്തിയ ചിത്രം കൂടിയായിരുന്നു പ്രതി പൂവൻകോഴി .റോഷൻ ആൻഡ്രൂസ് ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രം ആയിട്ടാണ് എത്തിയത് . മഞ്ജു വാരിയർ ചെയ്ത കഥാപാത്രത്തിന് റോഷൻ ആൻഡ്രൂസ് ചെയ്ത വില്ലൻ കഥാപാത്രത്തിനോട് തോന്നുന്ന പ്രതികാരം ആണ് ചിത്രത്തെ നയിക്കുന്നത് . പ്രതി പൂവൻകോഴിയുടെ തിരക്കഥ രചിച്ചത് ഉണ്ണി ആർ ആയിരുന്നു .
ഹിന്ദിയിലേക്ക് സിനിമ റീമേക്ക് ചെയ്യാനുള്ള പകർപ്പവകാശം വാങ്ങിയിരിക്കുന്നത് ബോണി കപൂർ ആണ് . ഇദ്ദേഹം തന്നെയാണ് മറ്റൊരു മലയാള ചിത്രമായ ഹെലൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് .ഹെലൻ എന്ന ചിത്രത്തിൽ അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ജാൻവി കപൂർ ആണ് ആ വേഷത്തിൽ എത്തുന്നത് .
ലൂസിഫർ , തണ്ണീർ മത്തൻ ദിനങ്ങൾ , കപ്പേള , ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും തുടങ്ങി പുറത്തിറങ്ങിയ നിരവധി മലയാള ചിത്രങ്ങൾ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് .















