ദുബായ് : ഐപിഎൽ ക്രിക്കറ്റിൽ സൺ റൈസേഴ്സ് ഹൈദരാബിനെതിരെ രാജസ്ഥാൻ റോയൽസിന് ജയം. അഞ്ച് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. തോൽവിയുടെ വക്കിൽ നിന്നും രാഹുൽ തെവാട്ടിയയുടെയും റിയാൻ പരാഗിന്റെയും തകർപ്പൻ പ്രകടനമാണ് രാജസ്ഥാനെ രക്ഷിച്ചത്. തെവാട്ടിയ 28 പന്തിൽ നിന്ന് 45 റൺസും പരാഗ് 26 പന്തിൽ 42 റൺസുമെടുത്ത് പുറത്താകാതെ നിന്നു.
159 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 26 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് മുൻനിര താരങ്ങൾ കൂടാരം കയറി. സ്റ്റോക്സും, സ്മിത്തും, ബട്ട് ലറുമാണ് ആദ്യം തന്നെ പുറത്തായത്. സ്കോർ 78 ആയപ്പോഴേക്കും വിക്കറ്റുകൾ അഞ്ചായി. 26റൺസുമായി സഞ്ജുവും 18 റൺസുമായി ഉത്തപ്പയും മടങ്ങി. പിന്നീടെത്തിയ തെവാട്ടിയ, പരാഗ് സഖ്യം രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഹൈദരാബാദിന് വേണ്ടി റാഷിദ് ഖാനും ഖലീൽ അഹമ്മദും രണ്ട് വിക്കറ്റുകൾ നേടി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺ റൈസേഴ്സ് ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തിലാണ് 158 റൺസ് നേടിയത്. നായകൻ ഡേവിഡ് വാർണറുടെയും മനീഷ് പാണ്ഡയുടെയും മികച്ച പ്രകടനമാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മനീഷ് പാണ്ഡെ 44 പന്തിൽ 54 റൺസും വാർണർ 38 പന്തിൽ 48 റൺസുനേടി. കെയ്ൻ വില്യംസൺ 12 പന്തിൽ നിന്ന് 22 റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ, കാർത്തിക് ത്യാഗി, ജയദേവ് ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്‌ത്തി.















