യാത്രയ്ക്കായി ഒരുങ്ങുന്ന വിനോദ സഞ്ചാരികള്‍ ഏറ്റവും ആദ്യം തിരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ് മൂന്നാര്‍. കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ വരുന്ന ഒരു സ്ഥലം കൂടിയാണിത്. ഇടുക്കി ജില്ലയിലെ ഈ പ്രകൃതി ഭംഗി അത്രയ്ക്കും മനോഹരമാണ്. കൂടാതെ മനസ്സിനെ കുളിരണിയിക്കുന്ന ഒരുപാട് കാഴ്ചകളും. എന്നാല്‍ കൊറോണ വ്യാപിച്ചതോടെ എവിടേയും വിലക്കേര്‍പ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ വരാതായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇവയൊക്കെ തുറക്കാന്‍ അനുമതി നല്കിയിരിക്കുന്നു. ചട്ടങ്ങളും നിയമങ്ങളും പാലിച്ചു കൊണ്ട് തന്നെ പല വിനോദ സഞ്ചാരകേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്.
അതുകൊണ്ടു തന്നെ യാത്രകള്‍ക്ക് വിലക്കേര്പ്പെട്ട് എവിടെയും പോകാന്‍ കഴിയാതെ വീട്ടിനുള്ളില്‍ ഒതുങ്ങിയിരിക്കുന്ന ആളുകള്‍ ഇനി യാത്രകള്‍ പോയി തുടങ്ങും. യാത്രയ്ക്കായി മൂന്നാര്‍ തിരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. കൊറോണ കാലം ആയതു കൊണ്ട് തന്നെ യാത്രകള്‍ പോകുമ്പോള്‍ എവിടെ താമസിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനായി സുരക്ഷിതമായ ഇടം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഒരുപാട് കാലം അടച്ചിട്ടതിനാല്‍ ഇനി തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ലോഡ്ജുകളിലും ഹോട്ടലുകളിലും താമസിക്കുവാനുള്ള നിരക്ക് വളരെ കൂടുതലായിരിക്കും.
അതിനാല്‍ ഒരു ആശ്വാസം എന്ന രീതിയിലാണ് മൂന്നാറില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കുറഞ്ഞ ചിലവില്‍ കെഎസ്ആര്‍ടിസി എ.സി ബസ്സില്‍ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരേ സമയം പതിനാറ് പേര്‍ക്കാണ് ഇവിടെ താമസിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് ഈ വാഹനം സൂക്ഷിക്കുക. താമസിക്കാനാവശ്യമായ നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ കൊറോണ പ്രതിസന്ധികള്‍ നേരിടുന്ന ഈ സമയത്ത് ഇതുപോലുള്ള ഒരു താമസസൗകര്യം ഒരുക്കുന്നത് മൂന്നാറില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വളരെയേറെ ഉപകാരപ്രദമായിരിക്കും.
Comments