വർഷത്തിൽ ഒരിക്കൽ മാത്രം അപൂർവമായി മാത്രം പൂക്കുന്ന ബ്രഹ്മകമലം കാലം തെറ്റി പൂത്തിരിക്കുകയാണ് ഉത്തരാഖണ്ഡിൽ . ഈ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചവരൊക്കെ ഇതെങ്ങിനെ എന്തുകൊണ്ട് സംഭവിച്ചു എന്ന അതിശയത്തിലും ചിന്തയിലുമാണ് .
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് കാലം തെറ്റി ബ്രഹ്മകമലം പൂത്തിരിക്കുന്നത് . കാലാവസ്ഥയിൽ വന്ന മാറ്റമായിരിക്കണം ഇതിന് പ്രധാന കാരണം എന്നാണ് ഗവേഷകർ കരുതുന്നത് .കൂടാതെ മഹാമാരിയെ തുടർന്ന് വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതും അന്തരീക്ഷമലിനീകരണം കുറഞ്ഞതും ഇതിന് കാരണമായേക്കാം എന്നും പറയുന്നുണ്ട് .
ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ ബ്രഹ്മകമലം സാധാരണ രീതിയിൽ പൂക്കുന്നത് ജൂലൈ – ആഗസ്റ്റ് മാസങ്ങളിലാണ് . രുദ്രപ്രയാഗിലെ ചില ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉയർന്ന പ്രദേശങ്ങളിൽ പട്രോളിങ്ങിന് പോയപ്പോഴാണ് പലഭാഗത്തായി ബ്രഹ്മകമലം പൂത്തു നിൽക്കുന്നതായി കണ്ടത് .
അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന ബ്രഹ്മകമലത്തിന്റെ ചിത്രങ്ങൾ തരംഗമായതോടെ ഗവേഷകരുടെ ശ്രദ്ധ ഇതിലേക്ക് ആയി . കേദാർനാഥിലെ വന്യജീവി സംരക്ഷണ വിഭാഗത്തിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയ അമിത് കൻവാറാണ് , ചമോലി ജില്ലയിലെ നന്ദി കുണ്ടിൽ പൂത്തു നിൽക്കുന്ന ബ്രഹ്മകമലത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കു വെച്ചത് .
ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്മാവിന്റെ പുഷ്പമായിട്ടാണ് ബ്രഹ്മകമലത്തെ ഹൈന്ദവ വിശ്വാസികൾ കരുതി പോരുന്നത് . വർഷത്തിലൊരിക്കൽ മാത്രം രാത്രി കാലങ്ങളിൽ വിരിയുന്ന ഈ പുഷ്പത്തെ കാണാൻ സാധിച്ചാൽ ആഗ്രഹങ്ങൾ എല്ലാം സഫലമാകും എന്നും വിശ്വാസമുണ്ട് .
ഹിമാലയസാനുക്കളിലും ഹിമാചൽ പ്രദേശത്തും പൂത്തു കാണുന്ന പുഷ്പരാജാവായ ബ്രഹ്മകമലം ബദരീനാഥ് , കേദാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങളിൽ പൂജക്കായി ഉപയോഗിക്കാറുണ്ട് . ഈ പ്രദേശങ്ങളിൽ കണ്ടു വരുന്ന ചില പ്രാദേശിക ചികിത്സാരീതികളിലും ബ്രഹ്മകമലം ഉപയോഗിക്കാറുണ്ട് എന്നാണ് പറയുന്നത് .
Comments