ഒരു ചെറിയ രംഗം മാത്രം മതി ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയ മികവ് മനസ്സിലാക്കാന്‍. ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ സ്ഥാനം നേടിയ ഒരു നടനാണ് ഇന്ദ്രന്‍സ്. ശരീര പ്രകൃതി കൊണ്ടും സംസാര ശൈലി കൊണ്ടും അഭിനയ രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം കൊണ്ടു വന്ന താരം പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചുട്ടുണ്ട്. ഒരുപാട് സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ നമ്മളിലേക്ക് നര്‍മ്മം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ദ്രന്‍സ് എന്ന നടന്റെ ഗൗരവമുളള കഥാപാത്രങ്ങളെയും ഇരു കയ്യോടെ സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോള്‍ പുതിയ വേഷത്തിലൂടെ വീണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ് ഇന്ദ്രന്‍സ്.
ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി കൊണ്ട് നവാഗതനായ അശോക് ആര്. കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക’ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ദ്രന്‍സ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. പി.ജെ.വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി ജേക്കബാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുനുസ്യോ എന്നിവര്‍ സംഗീതം നല്കുന്നു.
ഹാസ്യ താരമായാണ് ഇന്ദ്രന്‍സ് മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഗൗരവമുളള കഥാപാത്രങ്ങളിലൂടെ താരം ശ്രദ്ധ നേടി. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ അഭിനയമികവ് മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു. കൂടാതെ ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരവും ഈ നടന് ലഭിച്ചു. ഒരു നഗരത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന വ്യക്തിയുടെ കഥപറയുന്ന ‘ലോന’എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ഇന്ദ്രന്‍സ് ചിത്രം.















