മലമുകളില്‍ അന്‍പത് ഏക്കറോളം നീണ്ടു കിടക്കുന്ന പ്രദേശത്ത് പ്രകൃതിയുടെ മനോഹാരിതയില്‍ തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പെരുമല ശിവക്ഷേത്രം. അഞ്ഞൂറ് അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികളെ പോലെ തന്നെ സഞ്ചാരികള്‍ക്കും പ്രിയങ്കരമാണ്. പെരുമലയുടെ പ്രകൃതി ഭംഗി തന്നെയാണ് ഇതിന്റെ പ്രധാന കാരണം. തൃശൂരിലെ കേച്ചേരിയില്‍ തലക്കോട്ടുകര ഗ്രാമത്തിലാണ് പെരുമല ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മല കയറിയാണ് ക്ഷേത്രത്തിലേക്ക് പോകേണ്ടത്. നടക്കാന്‍ കുറച്ച് അധികം ദൂരവും ഉണ്ട്, എന്നാല്‍ ചുറ്റിലും കാണുന്ന പ്രകൃതി ഭംഗി ആസ്വദിച്ച് നടന്നു പോകുമ്പോള്‍ ക്ഷേത്രത്തിലെത്തുന്നത് അറിയില്ല.
കുന്നിന് മുകളില്‍ എത്തിയാല്‍ അതിമനോഹരമായ നിരവധി കാഴ്ചകളാണ് കാണാനുള്ളത്. ഏതു സീസണുകളിലും അതിമനോഹരമായ കാഴ്ച സമ്മാനിക്കുന്നു എന്നതാണ് പെരുമലയുടെ പ്രത്യേകത. വിശ്വാസങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരു ശിവക്ഷേത്രമാണ് പെരുമല ശിവക്ഷേത്രം. ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടായ മലയാണ് ഇതെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. വളരെ പുരാതനമായ ഈ ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.
മുടിയുണ്ടാവാൻ ചൂലും ശ്വാസം മുട്ട് മാറാന്‍ കയറും വഴിപാടായി കൊടുക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ശിവക്ഷേത്രവും. കൊടും വേനലില്‍ പോലും ക്ഷേത്രത്തിനുള്ളിലെ കുളത്തിലെ വെള്ളം വറ്റാറില്ല. ഇതിനു കാരണം ഗംഗാ നദിയുയുടെ സാന്നിധ്യമാണ് എന്നാണ് വിശ്വാസം. ക്ഷേത്രത്തിനു സമീപം നില്ക്കുന്ന ഒറ്റമരമാണ് പെരുമല ശിവക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ആലും മാവും കൂടിച്ചേര്‍ന്ന ആലുമാവ് ആണ് ഈ ഒറ്റമരം. ദൃശ്യാനുഭവങ്ങള്‍ ഒരുപാട് നല്കുന്ന ഒരു സ്ഥലമാണ് പെരുമല ഏതു സമയവും ഏതു കാലാവസ്ഥയിലും എത്തിച്ചേരാവുന്ന പ്രദേശം.
Comments