മലയാളികളുടെ ഇഷ്ടതാര ജോഡികളായ പൂര്‍ണ്ണിമയുടേയും ഇന്ദ്രജിത്തിന്റേയും മൂത്ത മകളായ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ബോളിവുഡ് പിന്നണി ഗാനരംഗത്ത് തന്റെ അരങ്ങേറ്റം കുറിച്ചു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘തായിഷ്’ എന്ന ചിത്രത്തിലാണ് ‘രേ ബാവ്രേ’ എന്ന് തുടങ്ങുന്ന ഗാനം പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ചിരിക്കുന്നത്. ഹുസൈന് ഹൈദ്രിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്ത തന്നെയാണ് ചിത്രത്തില്‍ ഈ ഗാനം പ്രാര്‍ത്ഥനയോടൊപ്പം ആലപിച്ചിരിക്കുന്നതും. സോളോ എന്ന സിനിമയ്ക്ക് ശേഷം ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രമാണ് തായ്ഷ്. സീ5 സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
പ്രാര്‍ത്ഥനയുടെ ‘രേ ബാവ്രേ’ എന്ന ഈ ഗാനം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. മകള്‍ക്ക് ആശംസകള്‍ നല്കി ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ ഗാനം പങ്കുവെച്ചു. ‘പ്രാര്‍ത്ഥനയുടെ ഹിന്ദിയിലെ ആദ്യഗാനം, ഗോവിന്ദ് വസന്ത സംഗീതം നല്കിയ തായ്ഷിലെ രേ ബാവ്രേ എന്ന ഗാനം കേള്‍ക്കുക’, എന്ന കുറിപ്പോടെയാണ് താരം ഗാനം പങ്കുവെച്ചത്.
മഞ്ജു വാര്യര്‍ നായികയായ മോഹന്‍ലാല്‍ എന്ന സിനിമയിലൂടെ മലയാള സിനിമ ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആ സിനിമയിലെ ലാലേട്ടാ..ലാ..ലാ…എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. പിന്നീട് ടിയാന്, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന് എന്നീ ചിത്രങ്ങളിലും പ്രാര്‍ത്ഥന ഗാനം ആലപിച്ചിട്ടുണ്ട്.
Comments