വ്യത്യസ്തമായ പശ്ചാത്തലത്തിലൊരുക്കിയ ‘മീശ മീനാക്ഷി’ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. മീനാക്ഷി എന്ന പെൺകുട്ടിയും ഒരു പ്രത്യേക കാരണത്താൽ അവളുടെ മുഖത്ത് അനിയന്ത്രിതമായി വളരുന്ന മീശയും അവളെ കൊണ്ട് പോകുന്ന ജീവിത സാഹചര്യങ്ങൾ പശ്ചാത്തലമാക്കി ദിവാകൃഷ്ണ വി.ജെ ഒരുക്കിയിരിക്കുന്ന വ്യത്യസ്തമായ ഷോർട്ട് ഫിലിമാണ് ‘മീശ മീനാക്ഷി’. ‘നീ എൻ സർഗസൗന്ദര്യമേ’ എന്ന പ്രേക്ഷക പ്രശംസ നേടിയ ഷോർട്ട് ഫിലിമിന് ശേഷം ദിവാകൃഷ്ണ വി.ജെ സംവിധാനം ചെയ്ത മ്യൂസിക്കൽ ഷോർട്ട് ഫിലിം ഗണത്തിൽപെടുത്താവുന്ന മീശ മീനാക്ഷി കഥയിലെ വ്യത്യസ്തതയും പുതുമയും കൊണ്ട് പ്രേക്ഷക പ്രീതി നേടുകയാണ്. മീശ പിരിക്കുന്ന ആണത്വത്തിന്റെ കഥകൾ ചർച്ച ചെയ്യപ്പെടുന്ന കാലത്താണ് മീശ മീനാക്ഷിയെ പോലൊരു സ്ത്രീപക്ഷ ചിത്രം കടന്ന് വരുന്നത് എന്നൊരു പ്രത്യേകതയുണ്ട്. പ്രശാന്ത് മോഹൻ , മൃണാളിനി സൂസൻ ജോർജ് , അലോന ജോൺസൻ , കേരള പൊലീസിന്റെ ‘കുട്ടൻ പിള്ള’ വീഡിയോകളിലൂടെ പരിചിതനായ ജിബിൻ ജി നായർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഷോർട്ട് ഫിലിം ആണെങ്കിൽ പോലും സിനിമാറ്റിക്ക് രീതിയിൽ ഒരുക്കിയിരിക്കുന്ന ഗാനങ്ങളാണ് മറ്റൊരു പ്രത്യേകത.പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ വരികളെഴുതിയ പാട്ടുകൾക്ക് പ്രശാന്ത് മോഹൻ സംഗീതം പകർന്നിരിക്കുന്നു. മലയാളത്തിലെ തിരക്കേറിയ ഗായകരായ എം. ജി ശ്രീകുമാർ , ഹരിശങ്കർ , എന്നിവർ ആലപിച്ചിരിക്കുന്ന ഗാനങ്ങളാണ് മീശ മീനാക്ഷിയുടെ മറ്റൊരു പ്രത്യേകത. എം.ജി ശ്രീകുമാർ പാടിയ ‘അടി പൂക്കുറ്റി’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ വലിയ ചർച്ചയായിരുന്നു.
അഭിജിത്ത് കൃഷ്ണകുമാർ,കൃഷ്ണദത്ത് നമ്പൂതിരി എന്നിവരാണ് മീശ മീനാക്ഷിയ്ക്ക് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.കൈലാഷ് എസ് ഭവൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന ‘അർച്ചന 31 നോട്ട് ഔട്ട്’ എന്ന സിനിമ സംവിധാനം ചെയ്യുന്ന അഖിൽ അനിൽകുമാറാണ് മീശ മീനാക്ഷിയുടെ സൗണ്ട് ഡിസൈനിങ് നിർവ്വഹിച്ചിരിക്കുന്നത്.















