ഈശ്വരനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് പ്രകൃതി എന്നതാണ് വിശ്വാസം. പ്രകൃതിയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരുപാട് ക്ഷേത്രങ്ങള്‍ ഉണ്ട്. അതിലൊന്നാണ് തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപം കാവേരി നദീതീരത്ത് സ്ഥിതി ചെയ്യുന്ന ആദി കുംഭേശ്വരര്‍ ക്ഷേത്രം. ആദികുംഭേശ്വരനായി ശിവലിംഗത്തെയാണ് ഇവിടെ ആരാധിക്കുന്നത്. അമൃത് മണ്ണിനോട് ചേര്‍ത്ത് ശിവന് സ്വയം നിര്‍മ്മിച്ച ശിവലിംഗമാണ് ഇവിടെ ഉള്ളതെന്നാണ് വിശ്വാസം. പാര്‍വ്വതിയെ മംഗളാംബികയായും ഇവിടെ ആരാധിക്കുന്നു. കുംഭകോണം നഗര മധ്യത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ വ്യത്യസ്ത തരത്തിലുള്ള നിര്‍മ്മാണ വിസ്മയമാണ് ഇവിടെയുള്ളത്.
27 നക്ഷത്രങ്ങളും 12 രാശിയും കൊത്തിയിരിക്കുന്ന ഒറ്റക്കല്ലാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. വലിയ നാലു ഗോപുരങ്ങള്‍ ഉളള ക്ഷേത്രത്തിലെ 11 നിലകളും 128 അടി നീളവുമുള്ള കിഴക്കുഭാഗത്തുള്ള ഗോപുരമാണ് ഏറ്റവും വലിയ ഗോപുരം. കവാടങ്ങളും, കല്ലില്‍ കൊത്തിയ മണ്ഡപങ്ങളും കൊത്തുപണികളും നടപ്പാതകളുമെല്ലാം ക്ഷേത്രത്തിലെ ആകര്‍ഷകമായ കാഴ്ചകളാണ്. ഈ ക്ഷേത്രത്തില്‍ നിന്നാണ് കുംഭകോണത്തിന് ഈ പേരു ലഭിക്കുന്നത്. പ്രപഞ്ചത്തിന്റെ ആരംഭ സമയത്ത് ബ്രഹ്മാവ് ഭൂലോകത്തുള്ള എല്ലാ ജീവജാലങ്ങളുടെയും വിത്ത് ഒരു കുംഭത്തിലാക്കി സൂക്ഷിച്ചിരുന്നു എന്നാണ് ഹിന്ദു വിശ്വാസം.
ഒരിക്കല്‍ ശിവന്റെ കോപത്താല്‍ ഭൂമിയെ നശിപ്പിക്കുന്ന പ്രളയം ഉണ്ടായപ്പോള്‍ ഈ കുംഭം ഒഴുകി വന്ന് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി എന്നാണ് വിശ്വാസം. കുംഭം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അര്‍ഥത്തില്‍ ക്ഷേത്രത്തിനു ഈ കുംഭേശ്വരര്‍ എന്ന പേര് ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. ബ്രഹ്മാവിന്റെ കുംഭം ഇവിടെ എത്തിയതിന്റെ ഓര്‍മ്മയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന ആഘോഷമാണ് മഹാമഹം ഉത്സവം. കാശി വിശ്വനാഥര്‍ ക്ഷേത്രം, കുംഭേശ്വരര്‍ ക്ഷേത്രം,സോമേശ്വരര്‍ ക്ഷേത്രം, നാഗേശ്വരര്‍ ക്ഷേത്രം, കഹാഹസ്തീശ്വരര്‍ ക്ഷേത്രം, ഗൗതമേശ്വര്‍ ക്ഷേത്രം,കോട്ടീശ്വരര്‍ ക്ഷേത്രം, അമൃതകലശനാഥര്‍ ക്ഷേത്രം, ബനാപുരീശ്വരര്‍ ക്ഷേത്രം, അഭിമുഖേശ്വരര്‍ ക്ഷേത്രം, കംഭട്ട വിശ്വനാഥര്‍ ക്ഷേത്രം, ഏകാംബരേശ്വര്‍ ക്ഷേത്രം എന്നീ 12 ക്ഷേത്രങ്ങളാണ് മഹാമഹത്തില്‍ പങ്കെടുക്കുന്നത്.
Comments