എണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള പെരുവാരം മഹാദേവ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ പരമശിവനെ ഉള്ളറിഞ്ഞു പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്നാണ് ഭക്തരുടെ വിശ്വാസം. ശനിദോഷങ്ങൾക്കായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ തീരുമെന്നും അവർ വിശ്വസിക്കുന്നു. എറണാകുളത്ത് നോർത്ത് പറവൂരിലാണ് പെരുവാരം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതിയും വട്ട ശ്രീകോവിലിൽ പ്രതിഷ്ഠയുള്ള പെരുവാരം മഹാദേവ ക്ഷേത്രത്തിൽ സാക്ഷാൽ പരമശിവൻ പരിവാരങ്ങളോടെ കുടികൊള്ളുന്നു. പരിവാരം എന്ന പേരാണ് പിന്നീട് പെരുവാരം ആയതെന്നും കരുതപ്പെടുന്നു.
കന്നിമൂലയിൽ ഗണപതിയും നാലമ്പലത്തിന് പുറത്ത് വടക്ക് ഭാഗത്തായി പാലമര ചുവട്ടിൽ യക്ഷിയും തെക്ക് ധർമ്മശാസ്താവും സ്ഥിതി ചെയ്യുന്നു. നാൽപത്തൊന്ന് നിർമാല്യ ദർശനം വിശേഷാൽ ചടങ്ങാണ്. അസാധ്യമെന്ന് കരുതുന്ന പല കാര്യങ്ങളും ഇവിടെ നിർമ്മാല്യം തൊഴുത് പ്രാർത്ഥിച്ചാൽ നടക്കുമെന്നാണ് വിശ്വാസം. വിവാഹം നടക്കുവാനായിട്ട് സ്വയംവരാർച്ചനയും ഇവിടെ നടത്തുന്നുണ്ട്. ആയിരം കുടം അഭിഷേകവും ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്. ഇതിനു പുറമെ ക്ഷേത്രത്തിൽ ദിവസവും ക്ഷീരധാരയും, കളഭം തുടങ്ങിയ വഴിപാടുകളും ലഭ്യമാണ്.
ക്ഷേത്രത്തിന് കുറച്ചു കിഴക്കായി മന്നം സുബ്രഹ്മണ്യ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം സുബ്രമണ്യൻ, അച്ഛനായ പരമശിവന്റെ ഉത്സവത്തിന് എത്തിച്ചേരും. അന്നേ ദിവസം തെയ്യം പോലെയുള്ള കലാരൂപങ്ങളും, വാദ്യമേളങ്ങളും എല്ലാം ചേർന്ന് ഗംഭീരമായ ആഘോഷമാണ് ക്ഷേത്രം കൊണ്ടാടുന്നത്. കേരളത്തിൽ ഏറ്റവും അവസാനം ഉത്സവം നടക്കുന്ന ക്ഷേത്രമാണ് പെരുവാരം മഹാദേവ ക്ഷേത്രം. മേടമാസത്തിലെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന തിരുവാതിര ആറാട്ട് ഉത്സവും ഏറെ പ്രസിദ്ധമാണ്.
Comments