കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ കാവുകളിലും ക്ഷേത്രങ്ങളിലുമായി നാഗാരാധന നടത്തിയിരുന്നു. കേരളത്തില്‍ നാഗാരാധനയ്‌ക്ക് തുടക്കം കുറിച്ചത് പരശുരാമനാണ് എന്നതാണ് വിശ്വാസം. കേരളത്തില്‍ പ്രശസ്തമായ ഒരുപാട് നാഗ ക്ഷേത്രങ്ങളുണ്ട്. അതുപ്പോലെ തന്നെ പ്രശസ്തമായ നാഗ ക്ഷേത്രമാണ് പാതിരിക്കുന്നത്ത് മന. പാലക്കാട് ചെര്‍പ്പുളശ്ശേരിയ്‌ക്ക് സമീപത്താണ് പാതിരിക്കുന്നത്ത് മന സ്ഥിതി ചെയ്യുന്നത്. ആയിരത്തി മുന്നൂറിലധികം വര്‍ഷം പഴക്കം ഈ മന ചരിത്രത്തോടും വിശ്വാസങ്ങളോടും ഏറെ അടുത്തു നില്‍ക്കുന്ന ഒന്നാണ്. വിശ്വാസങ്ങളെ സംരക്ഷിക്കുന്ന ഒരുപാട് കഥകള്‍ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. പാതിരിക്കുന്നത്ത് മനയുടെ വടക്കിനിയിലെ നാഗപ്രതിഷ്ഠയുമായി ബന്ധപ്പെട്ടും കഥയുണ്ട്.
ഒരിക്കല്‍ സന്താനഭാഗ്യം ഇല്ലാത്ത പാതിരിക്കുന്നത്ത് മനയിലെ കാരണവര്‍ ആ വിഷമത്തില്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഭജനയിരിക്കുവാന്‍ പോയി. കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇനി വീട്ടിലേക്ക് തിരികെ പൊയ്‌ക്കൊള്ളുവാന്‍ കാരണവര്‍ക്ക് വടക്കുംനാഥന്റെ അരുള്‍പ്പാട് ലഭിച്ചു. വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് അധികം വൈകാതെ തന്നെ രണ്ട് കുഞ്ഞുങ്ങളുണ്ടായി. എന്നാല്‍ അതില്‍ ആദ്യത്തേത് ഒരു സര്‍പ്പ സന്തതി, രണ്ടാമത്തേത് മനുഷ്യനുമായിരുന്നു. മനുഷ്യ കുഞ്ഞിനോടൊപ്പം തന്നെയാണ് സര്‍പ്പവും വളര്‍ന്നത്. ഭക്ഷണം കഴിക്കുന്നതും കളിക്കുന്നതും ഉറങ്ങുന്നതും എല്ലാം ഒരുമിച്ച്.
എന്നാല്‍ വീട്ടുകാരോടൊപ്പം നാഗത്തെ കാണുന്നതിനാല്‍ ബന്ധുക്കളാരും മനയിലേക്ക് വരാതെയായി. ഇതില്‍ ദു:ഖിതയായ അന്തര്‍ജനം നാഗത്തോട് ഇതിനൊരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ നാഗം വടക്കിനിയില്‍ അന്തര്‍ധാനം ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനു മുന്‍പ് തറവാടിന് കുറേയേറെ അനുഗ്രഹങ്ങളും നാഗം നല്കി. ആയിരം വര്‍ഷത്തോളം ഈ പരമ്പര കാത്തുകൊള്ളാമെന്നായിരുന്നു അത്. കൂടാതെ നിത്യവും ഒരു നേരം തനിക്ക് ആഹാരം തരണമെന്നും നാഗം അമ്മയെ ഓര്‍മ്മിപ്പിച്ചു. ഇതാണ് മനയുടെ വടക്കിനിയിലെ നാഗപ്രതിഷ്ഠയുടെ ഐതിഹ്യം. നാഗങ്ങളെ ആരാധിക്കുന്നതിനായും നാഗ ദോഷങ്ങള്‍ മാറുന്നതിനായും നിരവധി ആളുകള്‍ ഇന്നും പാതിരിക്കുന്നത്ത് മനയിലെത്താറുണ്ട്.















