ഷാര്‍ജ: നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുത്തു. സൂര്യകുമാര്‍ യാദവിന്റെയും കീറോണ്‍ പൊള്ളാര്‍ഡിന്റെയും പ്രകടനമാണ് മുംബൈയ്‌ക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.
ഇടവേളയ്‌ക്ക് ശേഷം ടീമില്‍ തിരികെയെത്തിയ നായകന്‍ രോഹിത് ശര്‍മ്മ(4)യുടെ വിക്കറ്റാണ് മുംബൈയ്‌ക്ക് ആദ്യം നഷ്ടമായത്. ഫോമിലുള്ള ക്വിന്റണ്‍ ഡീകോക്ക് 13 പന്തില്‍ 25 റണ്‍സെടുത്തു. മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 36 റണ്‍സ് എടുത്തു. 33 റണ്‍സെടുത്ത ഇഷന്‍ കിഷന്റെയും അവസാന നിമിഷം ആഞ്ഞടിച്ച കീറോണ്‍ പൊള്ളാര്‍ഡിന്റെയും(41) പ്രകടനമാണ് മുംബൈയ്‌ക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്.
ഹൈദരാബാദിന് വേണ്ടി സന്ദീപ് ശര്‍മ്മ 4 ഓവറില്‍ 34 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തി. ജേസണ്‍ ഹോള്‍ഡര്‍, ഷഹബാസ് നദീം എന്നിവര്‍ രണ്ടും റാഷിദ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ജയിച്ചാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്ന് സണ്‍ റൈസേഴ്‌സ് പ്ലേ ഓഫിലെത്തും. നിലവില്‍ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവര്‍ പ്ലേ ഓഫിലേയ്‌ക്ക് യോഗ്യത നേടിക്കഴിഞ്ഞു.















