പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്തും ചെയ്യാനുള്ള മനസ്സാണ് വേണ്ടത് എന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്നാട് സ്വദേശിയായ പച്ചമ്മാള്‍. തന്റെ നൂറ്റി അഞ്ചാമത്തെ വയസ്സിലും കൃഷിയിടങ്ങളില്‍ സജീവമാണ് ഈ മുത്തശ്ശി. പുതുതലമുറ മനസ്സിലാക്കേണ്ട അല്ലെങ്കില്‍ കണ്ടു പഠിക്കേണ്ട ഒരു വ്യക്തിയാണ് ഈ അമ്മ. പത്ത് ഏക്കര്‍ വരുന്ന സ്ഥലത്തായിരുന്നു പച്ചമ്മാളിന്റെ കൃഷി. വിവിധ ഇനത്തില്‍പ്പെട്ട ധാന്യങ്ങളും പയറുവര്‍ഗങ്ങളും പഴങ്ങളും പച്ചക്കറികളും ഒക്കെയായി ധാരാളം വിഭവങ്ങള്‍ ഈ കൃഷിയിടത്തില്‍ ഉണ്ട്. എന്നാല്‍ പ്രായം കൂടിയതോടെ മുഴുവന്‍ സ്ഥലത്തെ കൃഷിയും നോക്കി നടക്കാനുള്ള ബുദ്ധിമുട്ടു കാരണം തന്റെ കൃഷിയിടത്തിന്റെ കുറച്ച് ഭാഗങ്ങള്‍ പച്ചമ്മാള്‍ വിറ്റു.
വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട പച്ചമ്മാള്‍ തന്റെ മുത്തശ്ശിയോടൊപ്പമാണ് ജീവിച്ചിരുന്നത്. ചെറുപ്പം മുതല്‍ തന്നെ മുത്തശ്ശിയോടൊപ്പം കൃഷിയിടങ്ങളിലും മറ്റും സജീവമായിരുന്നു പച്ചമ്മാള്‍. കച്ചവടം നടത്തി അതില്‍ നിന്നും വരുമാനം കണ്ടെത്തിയാണ് പച്ചമ്മാള്‍ കൃഷി നടത്തുന്നത്. മുത്തശ്ശിയുടെ കൃഷിയിടത്തില്‍ നിന്നു ലഭിച്ച അറിവുകള്‍ മാത്രമല്ല. തമിഴ്നാട് അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് കൃഷിയെ കുറിച്ച് പഠിച്ച വ്യക്തി കൂടിയാണ് പച്ചമ്മാള്‍.
അതു മാത്രമല്ല താന്‍ പഠിച്ച പാഠങ്ങളും കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന രീതികളുമൊക്കെ മറ്റുള്ള ആളുകള്‍ക്ക് പറഞ്ഞു കൊടുക്കാനും പച്ചമ്മാള്‍ മുന്നിലുണ്ട്. വാര്‍ധക്യത്തിലെ വിശ്രമ വേളകളില്‍ തന്റെ കൃഷിയിടത്തില്‍ സജീവമായിരിക്കുന്ന പച്ചമ്മാള്‍ എല്ലാവര്ക്കും കൗതുകമാണ്. കൂടാതെ ആ ഗ്രാമത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട അമ്മയായ പച്ചമ്മാളിന്റെ നൂറാമത്തെ പിറന്നാള്‍ ആ ഗ്രാമം മുഴുവനായി ആഘോഷിച്ചിരുന്നു. പ്രായമായി എന്നു പറഞ്ഞ് ഒതുങ്ങി കൂടാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുളള ഒരു പാഠമാണ് പച്ചമ്മാള്‍.
Comments