കേക്കും പുഡ്ഡിംഗുമെല്ലാം തന്നെ വീട്ടില്‍ തയ്യാറാക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. വളരെ സ്വാദിഷ്ടമായ ഈ മധുര വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന് ഏറ്റവും ആവശ്യമായ ഒന്നാണ് മില്‍ക്ക് മെയ്ഡ്. കൂടാതെ ഇത് വെറുതെ കഴിയ്ക്കാനും ഏറെ സ്വാദിഷ്ടമാണ്. എന്നാല്‍ പുറത്തു നിന്നു വാങ്ങിയ്ക്കുന്ന മില്‍ക്ക് മെയ്ഡ് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. അതിനാൽ വീട്ടില്‍ തന്നെ എളുപ്പം ഇത് തയ്യാറാക്കാവുന്നതാണ്. രണ്ടു വഴികളില്‍ നമുക്ക് മില്‍ക്ക് മെയ്ഡ് തയ്യാറാക്കാം. ആദ്യമായി ഒരു പാനിലേക്ക് ഒരു കപ്പ് പാല് ഒഴിച്ച് നന്നായി തിളപ്പിക്കുക. അതിലേക്ക് ഒരു കപ്പ് പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കിക്കൊടുക്കുക.
പഞ്ചസാര മുഴുവനായി അലിഞ്ഞു കഴിഞ്ഞ ശേഷം ഇത് നന്നായി കുറുക്കിയെടുക്കുക. അതിലേക്ക് ഇത്തിരി ബേക്കിംഗ് സോഡ കൂടി ചേര്‍ത്തു കൊടുക്കുക. പിന്നീട് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. രണ്ടാമതായി ഒരു കപ്പ് പഞ്ചസാരയും ഒരു കപ്പ് പാലും ഒരു കപ്പ് പാല്‍പ്പൊടിയും എടുക്കുക. പാല് ഇളംചൂടുള്ളത് ആയിരിക്കണം. ശേഷം മിക്സിയില്‍ പാല്‍പ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക. ഇവ നന്നായി പൊടിച്ച ശേഷം ഇതിലേക്ക് ഇളം ചൂടുള്ള പാല് ആവശ്യത്തിന് അനുസരിച്ച് ഒഴിച്ചു കൊടുക്കുക.
ഒരു കുഴമ്പ് രൂപത്തില്‍ ആകുന്നതു വരെ പാല് ചേര്‍ത്ത് അടിച്ചു കൊടുക്കുക. ക്രീം രൂപത്തില്‍ ആയാല്‍ പിന്നെ ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഫ്രീസറില്‍ വെച്ച് സെറ്റ് ചെയ്യാം. ഒരു മാസത്തോളം ഇത് കേടുകൂടാതെ ഫ്രിഡ്ജില്‍ തന്നെ ഇരിക്കും. രണ്ടു വഴികളിലൂടെ നമുക്ക് വീട്ടില്‍ തന്നെ മില്‍ക്ക് മെയ്ഡ് തയ്യാറാക്കാവുന്നതാണ് . സ്വാദിഷ്ടമായ മില്‍ക്ക് മെയ്ഡ് ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങള്‍ എല്ലാം തന്നെ കുട്ടികളും മുതിര്‍ന്നവരും ഏറെ ഇഷ്ടപ്പെടുന്നവയാണ്.
Comments