B.C 2500: എഡ്വിന്‍ സ്മിത്ത് പാപ്പിറസ് എന്നറിയപ്പെടുന്ന ഒരു പാപ്പിറസ് ചുരുളില്‍ ഇംഹോതെപ് എന്ന പ്രശസ്ത ഈജിപ്ഷ്യന്‍ വൈദ്യന്റെ കുറിപ്പുകളില്‍ അര്‍ബുദത്തെക്കുറിച്ചുള്ള ആദ്യത്തെ വിവരണം. സ്തനാര്‍ബുദക്കുറിച്ചുള്ള വിവരണത്തിനു ശേഷം ചികിത്സ എന്ന വിഭാഗത്തില്‍ ഒരൊറ്റ വരി മാത്രം: “ചികിത്സ ഇല്ല”.
B.C 500: ഗ്രീക്ക് ചരിത്രകാരനായ ഹെരോഡോട്ടസ് തന്റെ ഹിസ്റ്ററീസ് എന്ന ബൃഹത് ഗ്രന്ഥത്തില്‍ പേര്‍ഷ്യയിലെ രാജ്ഞിയായ അറ്റോസ്സയെ ബാധിച്ച അസാധാരണമായ ഒരു രോഗത്തിന്റെ കഥ രേഖപ്പെടുത്തുന്നു. വിവരണങ്ങളില്‍ നിന്ന് വ്യക്തമായും സ്തനാര്‍ബുദം എന്ന് തിരിച്ചറിയാവുന്ന ഒരു മുഴയില്‍നിന്നുള്ള വേദന സഹിക്കാതെ അറ്റോസ്സ ഡെമോസീഡ്സ് എന്ന് പേരുള്ള അവരുടെ ഗ്രീക്ക് അടിമയെകൊണ്ട് തന്റെ സ്തനങ്ങള്‍ മുറിപ്പിച്ചു കളയുകയാണ് ചെയ്തത് എന്ന് ഹെരോഡോട്ടസ് പറയുന്നു.
B.C 400: ഹിപ്പോക്രാറ്റസ്സ് ഈ രോഗത്തിന് അതിന്റെ ഭാവിയിലുടനീളം ഓര്‍മ്മിക്കപ്പെടുന്ന ക്യാന്‍സര്‍ എന്ന പേര് നല്‍കുന്നു.”ഞണ്ട്” എന്നര്‍ത്ഥം വരുന്ന karkinos എന്ന ഗ്രീക്ക് വാക്കില്‍നിന്നാണ് അതിന്റെ ഉത്ഭവം. (ഞണ്ടിന്റെ സംസ്കൃത വാക്കായ കര്‍ക്കിടകം, കഠിനം എന്നര്‍ത്ഥമുള്ള കര്‍ക്കശ്ശം ഒക്കെ ഇതേ വാക്കില്‍നിന്നു തന്നെയാണ്.) ഒരു മുഴയും അതിനെ വരിഞ്ഞു ചുറ്റിയ വീര്‍ത്ത രക്തകുഴലുകളും, ഒരു ഞണ്ട് കാലുകള്‍ വൃത്താകൃതിയില്‍ വിരിച്ച് മണലില്‍ ആഴ്ന്നിരിക്കുന്നപോലെയായിരിക്കാം ഒരുപക്ഷേ ഹിപ്പോക്രാറ്റസ്സിന് തോന്നിയത്.
പില്‍കാലത്ത് onkos എന്നൊരു ഗ്രീക്ക് വാക്കും ക്യാന്‍സറിന്റെ ചരിത്രത്തില്‍ കടന്നുവരുന്നുണ്ട്. ഓങ്കോളജി എന്ന് ചികിത്സാശാഖക്ക് പേരു വന്നത് അതില്‍നിന്നാണ്. ഓങ്കോസ് എന്ന ഗ്രീക്ക് വാക്കിന് പിണ്ഡം, ഭാരം, ചുമട് എന്നൊക്കെയാണ് അര്‍ത്ഥം. ശരീരം വഹിക്കേണ്ടിവരുന്ന ഒരു ഭാരമായായി ക്യാന്‍സര്‍ സങ്കല്‍പ്പിക്കപ്പെടുന്നു.
AD168: ക്ലോഡിയസ് ഗാലന്‍ ഈ രോഗത്തിന് ഒരു കാരണം സങ്കല്‍പ്പിക്കുന്നു: ശരീരത്തില്‍ കറുത്ത പിത്തത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ഈ രോഗത്തിന്റെ കാരണം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഉള്ളില്‍ പെട്ടുപോയ കറുത്തപിത്തം തിളച്ച് തൂവി ട്യൂമറായി പുറത്തേക്കൊഴുകുകയാണ്.
അന്നത്തെ ക്യാന്‍സര്‍ ഔഷധങ്ങള്‍ ഈയം, ആഴ്സനിക്ക്, കാട്ടുപന്നിയുടെ പല്ല്, കുറുക്കന്റെ ശ്വാസകോശം, ആനക്കൊമ്പ്, ആവണക്കിന്‍ കുരു, ആട്ടിന്‍ കാഷ്ഠം, ആമയുടെ കരള്‍, കണിക്കൊന്ന, പിന്നെ പലതരം വിരേചനൗഷധങ്ങള്‍ ഒക്കെയായിരുന്നു. അസഹ്യമായ വേദനക്ക് ചാരായവും, കറുപ്പിന്റെ സത്തും അവര്‍ ഉപയോഗിച്ചിരുന്നു. അന്നത്തെ എല്ലാ ചികിത്സാ ശാസ്ത്രവും ഇതൊക്കെ തന്നെയായിരുന്നു ചെയ്തിരുന്നത്.
ഏതാണ്ട് ആയിരത്തിലധികം വര്‍ഷങ്ങള്‍ കടന്നുപോകുന്നു. മധ്യകാല സര്‍ജ്ജന്‍മാര്‍ക്ക് ഈ രോഗത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. എങ്കിലും അവരുടെ കത്തിയും, ആയുധങ്ങളും ഉപയോഗിച്ച് അവര്‍ അതിനെ ചെത്തി മാറ്റുന്നുണ്ട്. കമ്പി പഴുപ്പിച്ച് കരിച്ചു കളയാന്‍ ശ്രമിക്കുന്നുണ്ട്.
1533: അന്ത്രേയാസ് വെസേലിയസ് എന്ന മെഡിക്കല്‍ വിദ്യാര്‍ഥി സ്വന്തമായി അനാട്ടമി പഠനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഗാലന്റെ വാദ, പിത്ത, കഫങ്ങള്‍ പുറത്തേക്ക് ഒഴുക്കിക്കളയാനുള്ള കൃത്യമായ വഴി അന്വേഷിച്ചാണ് അദ്ദേഹം പഠനം തുടങ്ങുന്നത്. പക്ഷേ തന്റെ പ്രതീക്ഷക്ക് വിരുദ്ധമായി, ഗാലന്‍ പറയുന്ന തരം വാത, പിത്ത, കഫങ്ങളൊന്നും മനുഷ്യ ശരീരത്തിലില്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുന്നു. അന്നത്തെ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനമായ ദോഷ സിദ്ധാന്തത്തിന്റെ ശവപ്പെട്ടിയിലെ ആദ്യത്തെ ആണി.
1796: സാമുവല്‍ ഹാനിമാന്‍ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ഹോമിയോപ്പതി എന്നൊരു വ്യാജ ചികിത്സ കണ്ടുപിടിക്കുന്നു. ദോഷ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന ചികിത്സയെ അദ്ദേഹമാണ് അലോപ്പതി എന്ന് വിളിക്കുന്നത്.
1828: ഫ്രീദ്റിച് വോളര്‍ എന്ന ശാസ്ത്രജ്ഞന്‍ അമോണിയം സയനേറ്റ് തിളപ്പിച്ച് വൃക്കകള്‍ ഉല്‍പ്പാദിപ്പിക്കുന്ന യൂറിയ കൃത്രിമമായി ഉണ്ടാക്കുന്നു. വോളറുടെ പരീക്ഷണം ആദ്യ നോട്ടത്തില്‍ നിസ്സാരമായി തോന്നാമെങ്കിലും അതില്‍ വളരെയധികം വിവക്ഷകളുണ്ടായിരുന്നു. ജീവികള്‍ നിര്‍മ്മിക്കുന്ന ഒരു രാസവസ്തു വളരെ എളുപ്പത്തില്‍ ഒരു പരീക്ഷണശാലയില്‍ ഉണ്ടാക്കാം എന്നത് ജൈവലോകത്തെക്കുറിച്ചുള്ള ധാരണകളെയെല്ലാം തകിടം മറിക്കാന്‍ പോന്നതായിരുന്നു. ജൈവവും, അജൈവവുമായ രാസവസ്തുക്കള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഒരുപക്ഷേ ഒരു മനുഷ്യ ശരീരം തന്നെ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്ന രാസവസ്തുക്കളുടെ ഒരു കൂട്ടം മാത്രമാകാം എന്നൊരു ആശയം പതുക്കെ മുള പൊട്ടുന്നു.
1838: ജര്‍മ്മന്‍കാരായ മത്തിയാസ് ഷൈല്‍ഡന്‍, തിയോഡോര്‍ ഷ്വാന്‍ എന്നീ ശാസ്ത്രജ്ഞര്‍ ജീവികളുടെ ശരീരം നിര്‍മ്മിച്ചിരിക്കുന്നത് കോശങ്ങള്‍ എന്നു വിളിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ കൊണ്ടാണെന്ന് കണ്ടെത്തുന്നു.
എല്ലാ അസുഖങ്ങള്‍ക്കും കാരണമായി ആരോപിക്കപ്പെട്ടിരുന്ന അദൃശ്യ ശക്തികളെയായ ഹാനിമാന്റെ മയാസ്മ, ന്യൂറോസിസ്, ചീത്ത ദോഷങ്ങള്‍, ഹിസ്റ്റീരിയ, ഒക്കെ അപരിഷ്കൃത ധാരണകളാണ് എന്ന് കൂടുതല്‍ വെളിവാകുന്നു. വെസേലിയസ് തുടങ്ങിവച്ച വിപ്ലവം പൂര്‍ണ്ണതയോടടുക്കുന്നു. ഇന്നും ആ സിദ്ധാന്തങ്ങള്‍ താങ്ങിപ്പിടിക്കാന്‍ ശ്രമിച്ചു പരിഹാസ്യരാകുന്നവരാണ് സമാന്തര ചികിത്സകള്‍ എന്ന് അറിയപ്പെടുന്ന വ്യാജ ചികിത്സകള്‍.
1845: ഒരു സ്കോട്ടിഷ് ചികിത്സകനായ ജോണ്‍ ബെന്നറ്റ് തന്റെ ഒരു രോഗിയില്‍ കണ്ട അസാധാരണമായ ഒരു മുഴയെക്കുറിച്ച് വിവരിക്കുന്നു. അദ്ദേഹം അതിനെ “രക്തത്തിന്റെ പഴുപ്പ്” എന്നാണ് വിളിക്കുന്നത്.
നാലു മാസങ്ങള്‍ക്കു ശേഷം റുഡോള്‍ഫ് വിര്‍ക്കോ എന്ന ജര്‍മ്മന്‍ ഗവേഷകന്‍ ബെന്നറ്റിന്റെ കേസിനോടു വളരെ സാമ്യമുള്ള മറ്റൊരു കേസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നു. സൂക്ഷ്മ ദര്‍ശിനിയുടെ സഹായമില്ലാതെ തന്നെ രക്തത്തിലെ വെളുത്ത കോശങ്ങളുടെ കട്ടിയുള്ള പാട മുകളില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട അദ്ദേഹം അതിനെ weisses Blut, അതായത് വെളുത്ത രക്തം എന്ന് വിളിക്കുന്നു. തുടര്‍ന്ന് 1847ല്‍ അതിന്റെ പേര് “വെളുപ്പ്” എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് പദമായ ല്യൂക്കോസ് എന്ന വാക്കില്‍നിന്ന് ലുക്കീമിയ എന്നാക്കി മാറ്റുന്നു.
ഷൈല്‍ഡന്‍-ഷ്വാന്‍ സിദ്ധാന്തത്തെ കടമെടുത്തു കൊണ്ട് ഈ രോഗം രക്തകോശങ്ങളുടെ അമിതമായ വളര്‍ച്ചയാണ് എന്ന് വിര്‍ക്കോ സിദ്ധാന്തിക്കുന്നു.
ഇതേ സമയം പ്രാകൃതമായ ശാസ്ത്രക്രിയകളിലൂടെ ക്യാന്‍സറിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ജര്‍മ്മനിയില്‍ ചികിത്സകനായിരുന്ന ലോറന്‍സ് ഹെയ്സ്റ്റര്‍ ഇങ്ങനെ പറയുന്നു. “ചില രോഗികള്‍ ഒന്നിലും കുലുങ്ങാത്ത ഒരു സര്‍ജ്ജനെ പോലും അധൈര്യപ്പെടുത്തി ശസ്ത്രക്രിയ തടസ്സപ്പെടുത്തുന്ന തരത്തില്‍ ബഹളം വയ്‌ക്കാറുണ്ട്. ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ സര്‍ജ്ജന്‍ രോഗിയുടെ കരച്ചിലില്‍ അസ്വസ്ഥനാകാത്ത നെഞ്ചുറപ്പുള്ളവനായിരിക്കണം.”
ഏറ്റവും വേഗത്തില്‍ ശസ്ത്രക്രിയ ചെയ്യുന്നയാളാണ് അന്നത്തെ “മികച്ച” സര്‍ജ്ജന്‍. റോബര്‍ട്ട് ലിസ്റ്റണ്‍ എന്ന സ്കോട്ടിഷ് സര്‍ജ്ജന്‍ ഒരു ശസ്ത്രക്രിയ കൊണ്ട് മൂന്നു പേരെ കൊന്ന സംഭവം പ്രശസ്തമാണ്. രണ്ടര മിനിട്ടു കൊണ്ട് തീര്‍ത്ത ഈ ശസ്ത്രക്രിയയുടെ ഇര അതായത് രോഗി അണുബാധ മൂലം മരിച്ചു. ശസ്ത്രക്രിയാ ബഹളത്തിനിടയില്‍ സര്‍ജ്ജന്‍ തന്റെ ഒരു സഹായിയുടെ വിരലുകളും കൂട്ടത്തില്‍ മുറിച്ചെറിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അയാളും അണുബാധ മൂലം മരിച്ചു. ഒരു കാഴ്ചക്കാരന്‍ ഇതൊക്കെ കണ്ടു പേടിച്ച് ഹൃദയസ്തംഭനം മൂലം മരിച്ചു. അങ്ങനെ ഒരു ശസ്ത്രക്രിയ കൊണ്ട് മൂന്നു മരണം. ഇത് അദ്ദേഹത്തെ ഏതെങ്കിലും തരത്തില്‍ ഇക്ഴ്‌ത്താന്‍ പറഞ്ഞതല്ല. അന്നത്തെ അവസ്ഥയെ സൂചിപ്പിച്ചു എന്നുമാത്രം. ശസ്ത്രക്രിയക്കു വളരെ സംഭാവനകള്‍ ചെയ്തിട്ടുള്ള ഒരു പ്രതിഭാശാലി തന്നെയായിരുന്നു റോബര്‍ട്ട് ലിസ്റ്റണ്‍.
1846: ഒരു ദന്തവൈദ്യനായ വില്ല്യം മോര്‍ട്ടണ്‍ ഈതര്‍ ഉപയോഗിച്ച് വേദനയില്ലാതെ ശാസ്ത്രക്രിയ ചെയ്യാമെന്ന് കണ്ടെത്തുന്നു. ചുരുങ്ങിയ പക്ഷം സര്‍ജ്ജന്മാരുടെ “നെഞ്ചുറപ്പിനെ” ആശ്രയിക്കാതെ ശാസ്ത്രക്രിയയെ നേരിടാനാകും എന്ന അവസ്ഥ ഉണ്ടാകുന്നു.
1860: രോഗകാരണം ദോഷങ്ങളല്ല എന്നതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ലൂയി പാസ്ചറുടേയും മറ്റും രോഗാണു സിദ്ധാന്തം.
1865: രോഗാണു സിദ്ധാന്തത്തിന്റെ ചുവടു പിടിച്ച് ജോസഫ് ലിസ്റ്റര്‍ എന്ന സര്‍ജ്ജന്‍ അണുബാധ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നു.
അങ്ങനെ വേദനാരഹിതവും, അണുമുക്തവുമായ ശസ്ത്രക്രിയകള്‍ സാധ്യമാകുന്നു. സര്‍ജ്ജന്റെ കൈവേഗമാണ് അദ്ദേഹത്തിന്റെ മികവ് തീരുമാനിക്കുന്നത് എന്ന അവസ്ഥ മാറുന്നു.
1878: പോള്‍ എര്‍ലിഹ് എന്ന മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ഒരു ആശയം തോന്നുന്നു.ജൈവകൊശങ്ങള്‍ക്ക് നിറം കൊടുക്കാന്‍ തുണികളില്‍ ഉപയോഗിക്കുന്ന രാസ ചായങ്ങള്‍- അനിലീന്‍ പോലുള്ളവ- ഉപയോഗിക്കാം. ഈ ചായങ്ങള്‍ വിവേചനരഹിതമായി എല്ലാ കോശഭാഗങ്ങളിലും വെറുതെ നിറം പിടിപ്പിക്കുകയല്ല, മറിച്ച് കോശങ്ങളുടെ ചില ഭാഗങ്ങള്‍ മാത്രമേ നിറം പിടിപ്പിക്കുന്നുള്ളൂ എന്നദ്ദേഹം കാണുന്നു. അതായത് ചായങ്ങള്‍ കോശങ്ങളിലെ ചില രാസവസ്തുക്കളുമായി ഒട്ടിച്ചേരുകയും ചിലതിനെ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയെങ്കില്‍ മനുഷ്യ കോശങ്ങളേയും, രോഗാണുക്കളേയും വേര്‍തിരിച്ചറിഞ്ഞ് അതില്‍ രോഗാണു കോശങ്ങളില്‍ മാത്രം ഒട്ടുന്ന ചില രാസവസ്തുക്കള്‍ ഉണ്ടായേക്കാം എന്ന് എര്‍ലിഹ് അഭിപ്രായപ്പെടുന്നു. രോഗാണുക്കളെ നശിപ്പിക്കാന്‍ അത്തരം രാസവസ്തുക്കള്‍ക്ക് കഴിഞ്ഞേക്കാം. അങ്ങനെ കൃത്രിമമായ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള രോഗചികിത്സ, അതായത് കീമോതെറാപ്പി എന്ന വിപ്ലവകരമായ ഒരു ആശയത്തിന് എര്‍ലിഹ് തുടക്കം കുറിക്കുന്നു.
അങ്ങനെ 1828 നും,1878 നും ഇടയിലുള്ള ഈ അന്‍പതു വര്‍ഷങ്ങളിലാണ് അലോപ്പതിയുടെ മരണവും, മോഡേണ്‍ മെഡിസിന്റെ ജനനവും എന്നു പറയാം. ഇന്ന് അലോപ്പതി എന്നൊരു ചികിത്സ ഇല്ല. എന്നാല്‍ ഇപ്പോഴും നേരം വെളുക്കാത്ത ചിലര്‍ കാലഹരണപ്പെട്ട അതേ സിദ്ധാന്തങ്ങള്‍, അഥവാ അവയുടെ സമാന്തര രൂപങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഉദാഹരണം നമ്മുടെ “ആയുഷ്” തന്നെ.
രാസചികിത്സ എന്ന ആശയം പ്രബലമായതോടെ, അമിതമായി വളരുന്ന ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും കഴിവുള്ള രാസവസ്തുക്കള്‍ ഉണ്ടായേക്കാം എന്ന ആശയം പ്രബലമാകുന്നു.
1880: തിയോഡോര്‍ ബില്‍റോത്തിനെപ്പോലെയുള്ള ശാസ്ത്രക്രിയാ വിദഗ്‌ദ്ധര്‍ കൂടുതല്‍ മികച്ചതും സാഹസികവുമായ ശസ്ത്രക്രിയാ രീതികള്‍ കണ്ടെത്തുന്നു.
1890: വില്ല്യം ഹാള്‍സ്റ്റെഡ് എന്ന അമേരിക്കന്‍ സര്‍ജ്ജന്‍ സ്തനാര്‍ബുദം ചികിത്സിക്കാന്‍ ഇതുവരെ കണ്ടതില്‍ വച്ചു ഏറ്റവും കടുത്ത ഒരു ചികിത്സാരീതി പ്രയോഗത്തില്‍ വരുത്തുന്നു. സ്തനങ്ങള്‍ പൂര്‍ണ്ണമായും മുറിച്ചു മാറ്റുന്നതിനോടൊപ്പം, ചുറ്റുമുള്ള ഭാഗങ്ങളും, നെഞ്ചിലെ ആഴത്തിലുള്ള മാംസപേശികളും, കക്ഷത്തിനടിയിലെ ലസികാഗ്രന്ഥികളും, തോളെല്ലും മുറിച്ചു മാറ്റുന്നു.
1895: വില്‍ഹെം റോണ്‍ജന്‍ എക്സ്റേ കണ്ടുപിടിക്കുന്നു.
1896: റോണ്‍ജന്റെ കണ്ടുപിടുത്തം നടന്നു വെറും മാസങ്ങള്‍ക്കുള്ളില്‍ ഫ്രഞ്ച് കെമിസ്റ്റായ ഹെന്റി ബെക്വെറല്‍ പ്രകൃതിയിലുള്ള ചില വസ്തുക്കള്‍- അതില്‍ യുറേനിയവും പെടും- എക്സ്റേക്ക് സമാനമായ സ്വഭാവ വിശേഷങ്ങളോടുകൂടിയ അദൃശ്യ കിരണങ്ങള്‍ പുറത്തു വിടുന്നുണ്ട് എന്ന് കണ്ടുപിടിക്കുന്നു.
ചിക്കാഗോയില്‍ ഇരുപത്തൊന്നു വയസ്സുള്ള ഒരു ഹോമിയോപ്പതി വിദ്യാര്‍ഥിയായ എമില്‍ ഗ്രബ്ബിന് വെളിപാടു പോലെ ഒരു തോന്നലുണ്ടാകുന്നു. ശരീരത്തിനുള്ളിലെ ക്യാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കാന്‍ ശരീരം തുളച്ചു കടക്കാന്‍ കഴിവുള്ള എക്സ്റേ ഉപയോഗിക്കാം. അദ്ദേഹം ഒരു രോഗിയില്‍ അത് പരീക്ഷിക്കുന്നു.
1902: ബെക്വെറലിന്റെ സുഹൃത്തുക്കളായ പിയറി, മേരിക്യൂറി ദമ്പതികള്‍ കറുത്ത ചെളി പോലുള്ള പിച്ചബ്ലെന്‍ഡ് എന്ന ഉപയോഗശൂന്യമായ അയിരില്‍ നിന്ന് യുറേനിയത്തേക്കാള്‍ അനേക മടങ്ങ് വികിരണ ശേഷിയുള്ള ഒരു പുതിയ മൂലകം കണ്ടെത്തുന്നു. മേരി ക്യൂറി ഈ പുതിയ മൂലകത്തെ “പ്രകാശം” എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് വാക്കില്‍നിന്ന് റേഡിയം എന്നു വിളിക്കുന്നു.
ക്യാന്‍സര്‍ ചികിത്സയില്‍ റേഡിയേഷന്‍ തെറാപ്പിയുടെ ആരംഭം. പില്‍കാലത്ത് റേഡിയേഷന്‍ തന്നെ ക്യാന്‍സറിന് കാരണമാകാം എന്ന് കണ്ടെത്തുന്നു.1934 ജൂലൈയില്‍ മേരി ക്യൂറി രക്താര്‍ബുദം ബാധിച്ചു മരിച്ചു. ക്യാന്‍സര്‍ ചികിത്സക്ക് ആദ്യമായി റേഡിയേഷന്‍ പരീക്ഷിച്ച എമില്‍ ഗ്രബും വികിരണത്തിന്റെ മാരകമായ പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചു മരിച്ചു.
1914: വിര്‍ക്കോയുടെ ഒരു സഹായിയായിരുന്ന തിയോഡോര്‍ ബൊവേറി ക്രോമോസോം തകരാറുകളാണ് ക്യാന്‍സറിനു കാരണം എന്നൊരു നിഗമനം മുന്നോട്ടു വയ്‌ക്കുന്നു. ദോഷങ്ങളാണ് രോഗകാരണം എന്ന പഴയ സിദ്ധാന്തമൊന്നും ആരും പരിഗണിക്കുന്നു പോലുമില്ല. അതേ സമയം മറ്റു വൈദ്യ ശാഖകള്‍ക്ക് രോഗകാരണം പഴയതു തന്നെ. അവരുടെ ചികിത്സയും പഴയതു തന്നെ.
1917: ഒന്നാം ലോകമഹായുദ്ധത്തിനിടക്ക് മസ്റ്റാഡ് ഗ്യാസ് എന്നൊരു രാസായുധം പ്രയോഗിക്കപ്പെടുന്നു. ഇതില്‍ മരിക്കാതെ രക്ഷപെട്ടവരുടെ അസ്ഥിമജ്ജയില്‍ അസാധാരണമായ ചില മാറ്റങ്ങള്‍ കാണുന്നതായി പത്തോളജിസ്റ്റുകളായ എഡ്വേര്‍ഡ്, ഹെലന്‍ ക്രംബ്ഹാര്‍ ദമ്പതികള്‍ കണ്ടെത്തുന്നു. ഒരു രണ്ടാംനിര മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ നിരീക്ഷണം യുദ്ധത്തിന്റെ തിരക്കില്‍ ആരും ശ്രദ്ധിക്കാതെ പോകുന്നു.
1928: അലക്സാണ്ടര്‍ ഫ്ലെമിംഗ് യാദൃശ്ചികമായി പെന്‍സിലിന്‍ കണ്ടെത്തുന്നു. അതിന്റെ രോഗാണുനാശന ശേഷിയെക്കുറിച്ച് മനസ്സിലായെങ്കിലും ഒരു കെമിസ്റ്റ് അല്ലാത്ത അദ്ദേഹത്തിന് പെന്‍സിലിന്‍ വേര്‍തിരിച്ചെടുക്കാനായില്ല. അദ്ദേഹം അത് ഉപേക്ഷിച്ച് മറ്റു കാര്യങ്ങളില്‍ വ്യാപൃതനായി. പത്തു വര്‍ഷത്തിനു ശേഷം ഒരു ഫാര്‍മക്കോളജിസ്റ്റായ ഹോവാര്‍ഡ് ഫ്ലോറി യാദൃശ്ചികമായി ഫ്ലെമിംഗിന്റെ കണ്ടുപിടുത്തത്തെ വീണ്ടെടുക്കുന്നു. അദ്ദേഹം ഒരു ബയോകെമിസ്റ്റായ ഏണസ്റ്റ് ചെയിനിന്റെ സഹായത്തോടെ പെന്‍സിലിന്‍ വേര്‍തിരിച്ചെടുത്തു. ഇന്ന് ലോകമെമ്പാടും ഇരുന്നൂറു മില്യണിലധികം ജീവനുകള്‍ പെന്‍സിലിന്‍ മൂലം രക്ഷപ്പെട്ടിട്ടുണ്ട് എന്ന് കരുതുന്നു. ഇന്നുള്ള നല്ലൊരു ശതമാനം ആളുകളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് ഈ ഒരൊറ്റ ഔഷധം മൂലമായിരിക്കും. ഒരുപക്ഷേ ഏറ്റവും രസകരം കുറെ ജീവന്‍ രക്ഷിച്ചുകളയാം എന്ന് കരുതിയല്ല ഇവര്‍ ഗവേഷണം നടത്തിയത് എന്നതാണ്.
People sometimes think that I and the others worked on penicillin because we were interested in suffering humanity. I don’t think it ever crossed our minds about suffering humanity. This was an interesting scientific exercise, and because it was of some use in medicine is very gratifying, but this was not the reason that we started working on it. -Howard Florey
ആന്റിബയോട്ടിക് എന്ന ഈ വസ്തു രോഗാണുക്കള്‍ക്കെതിരെ ഫലപ്രദമാണ് എന്ന് കണ്ടെത്തുന്നതോടെ എല്ലാവരും പുതിയ ആന്റിബയോട്ടിക്കുകള്‍ കണ്ടെത്താനുള്ള ഓട്ടത്തില്‍. ഇതുപോലെ ക്യാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കാനും കഴിവുള്ള ആന്റിബയോട്ടിക്കുകള്‍ ഉണ്ടായേക്കാം എന്ന ധാരണ കൂടുതല്‍ പ്രബലമാകുന്നു.
1940: സെല്‍മാന്‍ വേക്സ്മാന്‍ മണ്ണിലെ ഒരു ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ആക്റ്റിനോമൈസിന്‍ ഡി ക്യാന്‍സറിനെതിരെ ഫലപ്രദമാണ് എന്നു കണ്ടെത്തുന്നു.
1942: ലൂയിസ് ഗുഡ്മാന്‍, ആല്‍ഫ്രെഡ് ഗില്‍മാന്‍ എന്നീ ശാസ്ത്രജ്ഞര്‍ 1919 ല്‍ തന്നെ കണ്ടെത്തിയിരുന്ന, മസ്റ്റാഡ് ഗ്യാസിന് രക്തത്തിന്‍മേലുള്ള പ്രഭാവം വീണ്ടും കണ്ടെടുക്കുന്നു. അതിനെ രക്താര്‍ബുദം ചികിത്സിക്കാനായി ഉപയോഗിക്കാമെന്നു കണ്ടെത്തുന്നു.
യുദ്ധം തീര്‍ന്നതോടെ എല്ലാവരും മരുന്നായി ഉപയോഗിക്കാവുന്ന ഇത്തരം രാസവസ്തുക്കള്‍ കണ്ടുപിടിക്കാനുള്ള പാച്ചിലായി. ധാരാളം പുതിയ ക്യാന്‍സര്‍ മരുന്നുകള്‍ രംഗത്തുവരുന്നു.
1944: പാരമ്പര്യം കൈമാറുന്നത് DNA വഴിയാണെന്ന് ഓസ്വാള്‍ഡ് ആവെറി കണ്ടെത്തുന്നു.
1953: ജെയിംസ് വാട്സനും, ഫ്രാന്‍സിസ് ക്രിക്കും DNA യുടെ ത്രിമാന രൂപം കണ്ടുപിടിക്കുന്നു.
1958: എല്ലി ലില്ലി എന്ന ഔഷധ നിര്‍മ്മാണ ശാല ശവംനാറി ചെടിയില്‍ നിന്ന് ക്യാന്‍സര്‍ ഔഷധമായ വിന്‍ക്രിസ്റ്റീന്‍ വേര്‍തിരിക്കുന്നു. പ്രമേഹത്തിനുള്ള ഔഷധം എന്നു കരുതിയാണ് അവര്‍ ഗവേഷണം തുടങ്ങിയതെങ്കിലും ഇത് ക്യാന്‍സറിനെതിരെ ഉപയോഗിക്കാം എന്നു കണ്ടെത്തുകയായിരുന്നു.
1964: പുകയിലയാണ് ശ്വാസകോശാര്‍ബുദത്തിനു പ്രധാനമായ കാരണം എന്ന് സംശയാതീതമായി തെളിയുന്നു. പുകവലി ക്യാന്‍സറിന് കാരണമാകും എന്ന് ഹിറ്റ്‌ലറുടെ ജര്‍മ്മനിയില്‍ കണ്ടുപിടിച്ചിരുന്നെങ്കിലും, നാസികളുടെ ഈ കണ്ടുപിടുത്തം ലോകം അവഗണിക്കുകയായിരുന്നു. പുകയിലക്കെതിരെയുള്ള മുന്നറിയിപ്പ് സിഗരറ്റ് കൂടില്‍ പതിക്കണം എന്ന നിയമം വരുന്നു. പുകയില വ്യവസായം നിയന്ത്രിക്കപ്പെട്ടതോടെ വികസിത രാജ്യങ്ങളില്‍ ശ്വാസകോശാര്‍ബുദത്തിന്റെ നിരക്ക് കുത്തനെ താഴുന്നു.
1977 : ആദ്യത്തെ അര്‍ബുദ ജീനായ സാര്‍ക്ക് (src) കണ്ടെത്തുന്നു.
1980: ആദ്യത്തെ അര്‍ബുദ നിരോധന (tumor suppressor) ജീനായ Rb കണ്ടെത്തുന്നു. ക്യാന്‍സറില്‍ ജനിതക ചികിത്സകളുടെ ആരംഭം.
1987: Her-2 എന്നൊരു അര്‍ബുദജീന്‍ കണ്ടെത്തുന്നു.
1990: വെറും മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജെനെന്‍ടെക് എന്ന കമ്പനി Her-2 വിനെതിരെ ആദ്യത്തെ ആന്റിബോഡിയായ ഹെര്‍സെപ്റ്റിന്‍ നിര്‍മ്മിക്കുന്നു. ജനിതക വിദ്യയിലൂടെ ആദ്യത്തെ ക്യാന്‍സര്‍ മരുന്ന്.
1998: നൊവാര്‍ട്ടിസ് എന്ന ഔഷധശാല ക്രോണിക് മൈലോയ്ഡ് ലുക്കീമിയക്ക് ഗ്ലീവാക് എന്ന മരുന്ന് പുറത്തിറക്കുന്നു.
2005: ഏറ്റവും സര്‍വ്വസാധാരണമായ അര്‍ബുദങ്ങളിലെ മ്യൂട്ടേഷന്‍ വന്ന സകല ജീനുകളുടെയും വിശദവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ക്യാന്‍സര്‍ ജീനോം അറ്റ്‌ലസ്. കൂടുതല്‍ ഫലപ്രദമായ ക്യാന്‍സര്‍ ചികിത്സയിലേക്കുള്ള കാല്‍വയ്പ്പ്.
2009: കോശവിഭജനത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ടീലോമിയറിനെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് എലിസബത്ത് ബ്ലാക്ക്‌ബേണ്‍, കരോള്‍ ഗ്രേയ്ഡര്‍, ജാക്ക് ഷോസ്റ്റാക്ക് എന്നിവര്‍ക്ക് നോബല്‍ സമ്മാനം. ക്യാന്‍സറിന്റെ മുഖമുദ്രയായ അനിയന്ത്രിതമായ കോശവിഭജനത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ പഠനങ്ങള്‍ സഹായിക്കും എന്നു കരുതുന്നു. അതുവഴി കൂടുതല്‍ ഫലപ്രദമായ ഔഷധങ്ങള്‍ കണ്ടെത്താനും.
അതേ സമയം സമാന്തര വൈദ്യങ്ങളുടെ ഗവേഷണ വിഷയം ഇന്നും പഴയതു തന്നെ. വാത, പിത്ത, കഫങ്ങള്‍. ചികിത്സയും പഴയതു തന്നെ. മഞ്ഞള്‍, ചുണ്ണാമ്പ്, കദളിപ്പഴം, ഗോമൂത്രം, മുള്ളാത്ത….















