ന്യൂഡല്‍ഹി: രാജ്യത്തെ വിമുക്തഭടന്മാരടക്കമുള്ള എല്ലാ സൈനികര്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍(ഒ.ആര്‍.ഒ.പി) പദ്ധതി നടപ്പാക്കിയതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലാണ് പ്രധാനമന്ത്രി സൈനികര്‍ക്ക് നന്ദി പറഞ്ഞത്.
ഇന്നേക്ക് അഞ്ചുവര്‍ഷം മുമ്പാണ് ഇന്ത്യ സൈനികരുടെ ക്ഷേമത്തിനായുള്ള ചരിത്രപരമായ ചുവടുവെയ്പ്പ് നടത്തിയത്. ഒ.ആര്‍.ഒ.പി പ്രതീക്ഷാ നിര്‍ഭരമായ മുഹൂര്‍ത്തമാണ്. ദശകങ്ങളായുള്ള സൈനികരുടെ കാത്തിരിപ്പിനാണ് വിരാമമായത്. നരേന്ദ്രമോദി ട്വിറ്ററിലൂടെ പറഞ്ഞു. എല്ലാ വിമുക്തഭടന്മാരുടേയും ധീരമായ രാജ്യ സേവനത്തിന് മുന്നില്‍ നമിക്കുന്നുവെന്നും നരേന്ദ്രമോദി ട്വിറ്റ് ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 42,700 കോടി രൂപയാണ് സൈനികരുടെ ക്ഷേമപെന്‍ഷനായി നല്‍കിയത്. 20.6 ലക്ഷം വിരമിച്ച പ്രതിരോധ സേനാ വിഭാഗത്തില്‍പ്പെട്ട സൈനികര്‍ക്ക് ഇതുവരെ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. വര്‍ഷത്തില്‍ കേന്ദ്രത്തിന് ഈ ഇനത്തില്‍ നീക്കിവയ്‌ക്കേണ്ടിവരുന്നത് 7123 കോടി രൂപയാണ്. 2014 ജൂലൈ 1 മുതലാണ് തീരുമാനം നടപ്പിലായത്. പദ്ധതിപ്രകാരം വിവിധ സേനകളില്‍ നിന്നും വിരമിച്ച ഒരേ റാങ്കിലെ സൈനികര്‍ക്ക് ഒരേ പെന്‍ഷന്‍ ലഭിക്കുമെന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.















